കൃഷ്ണൻ!!!
ഹൃദയത്തോട് ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന ഈശ്വര രൂപം, എന്നാൽ കൃഷ്ണൻ ഈശ്വരൻ മാത്രമോ ??
മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകതയാണ് ഈ കണ്ണന്, ഓരോരുത്തർക്കും തങ്ങൾ ഇഷ്ടപ്പെടുന്ന ഭാവത്തിൽ കൃഷ്ണനെ കാണുവാനും, സ്നേഹിക്കുവാനും, ആരാധിക്കുവാനും കഴിയുന്നു. മറ്റൊരു ദൈവരൂപത്തെയും നമുക്കിത്രയും സ്നേഹത്തോടെ , വാത്സല്യത്തോടെ , മാതൃഭാവത്തോടെ,പ്രേമഭാവത്തിൽ, സൗഹൃദ ഭാവത്തിൽ കാണുവാൻ കഴിയുമോ ?
ഇതെല്ലാം നമുക്കൊരുപോലെ ദർശിക്കുവാൻ സാധിക്കുക സാക്ഷാൽ ശ്രീ കൃഷ്ണനിൽ മാത്രമാണ്.. അതിനാൽത്തന്നെയാണ് കൃഷ്ണൻ ഓരോരുത്തരുടെയും ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നതും.
ജനിക്കുന്നതിനു മുൻപേ തന്നെ ഭീഷണി നേരിടേണ്ടിവന്ന ദേവകീ പുത്രൻ!!
ജനിച്ച ഉടനേ തന്നെ അമ്മയെയും അച്ഛനെയും പിരിയേണ്ടിവന്ന വാസുദേവപുത്രൻ!!
ശൈശവ, ബാല്യ കാലങ്ങളിൽ തന്നെ നിരവധി തവണ ശത്രുവിന്റെ ആക്രമണത്തെ നേരിടേണ്ടിവന്നവൻ!!
രുക്‌മിണിയെ രക്ഷിക്കുവാനായി തന്റെ ഏറ്റവും അമൂല്യമായ പ്രേമം പോലും ത്യജിക്കേണ്ടിവന്ന രാധയുടെ കണ്ണൻ!!
മഹാഭാരതയുദ്ധത്തിൽ എല്ലാം എതിർപക്ഷത്തിനു നൽകി നിരായുധനായി സുഹൃത്തിനോടൊപ്പം നില കൊണ്ട കൃഷ്ണൻ!!,
അങ്ങനെ ജനന സമയം മുതൽ സ്വർഗ്ഗാരോഹണം വരെ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ട ഒരു ജീവിതം. എന്നാൽ ഇതൊക്കെയും വളരെ ശാന്തമായി ഒന്നു പുഞ്ചിരിയോടെ നേരിട്ട കൃഷ്ണൻ നമുക്കൊരു പാഠം കൂടിയാണ് പകർന്നുനൽകുന്നത്,എത്രയൊക്കെ കഷ്ടതകളും, വിഷമങ്ങളും , അപകടങ്ങളും ,നഷ്ടങ്ങളും ദുരിതങ്ങളുമുണ്ടെങ്കിലും അതെല്ലാം നമുക്ക് അതിജീവിക്കുവാൻ കഴിയുമെന്ന് ഓരോമനുഷ്യനും കാട്ടിത്തരുന്ന പ്രതീക്ഷയുടെ കെടാവിളക്കാണ് കൃഷ്ണൻ ..
ഓരോരുത്തരും എങ്ങനെയൊക്കെയാണ് കൃഷ്ണനെ കാണുന്നതെന്ന് നോക്കിയാൽ,
പ്രായമായവർക്കോക്കെ കുറുമ്പുകാട്ടുന്ന, വാത്സല്യം വഴിഞ്ഞൊഴുകുന്ന പേരക്കുട്ടിയായ ഉണ്ണിയാണ് കുറൂരമ്മയുടെ ഉണ്ണിക്കണ്ണൻ!
ഏതൊരമ്മയാണ് കുസൃതിയായ, വെണ്ണ കട്ടുതിന്നുന്ന, ശിക്ഷിച്ചാലും പുഞ്ചിരിതൂവുന്ന, "വിശക്കുന്നമ്മേ എന്ന് പറഞ്ഞു" വിതുമ്പി പറഞ്ഞു പിറകേ നടക്കുന്ന വെണ്ണക്കള്ളനായ ഉണ്ണിക്കണ്ണനെ തന്റെ മകനാകുവാൻ ആഗ്രഹിക്കാത്തത് !!
വർഷങ്ങൾക്കു ശേഷം തന്നെക്കാണുവാൻ എത്തിയ പ്രിയ സുഹൃത്തിനെക്കണ്ടു ഓടി വന്നു കെട്ടിപ്പിടിച്ചു ചേർത്തു നിർത്തി തനിക്കായികരുതിയ ഒരുപിടി അവിൽ വാരി ഏറ്റവും സ്വാദോടെ ഭക്ഷിക്കുന്ന കുചേലന്റെ പ്രിയ നന്ദകുമാരനെ സഹപാഠിയായി കിട്ടുവാൻ ശ്രമിക്കാത്തതായി ആരുണ്ട് !!
കാമുക ഭാവത്തിന്റെ മൂർത്തിമത്ഭാവമായ, രാധയുടെ കാർവർണ്ണനിൽ അനുരുക്തനാകാത്ത ഏത് പെൺകൊടിയാണുള്ളത്!!
ഏതൊരാപത്തിലും മനസ്സിനിറഞ്ഞു വിളിച്ചാൽ വിളികേൾക്കുന്ന ആപൽ ബാന്ധവനായ വിശ്വാസികളുടെ സംരക്ഷകനാണ് സാക്ഷാൽ ശ്രീകൃഷ്ണൻ !!
ജീവിതത്തിൽ പകച്ചുപോകുന്ന, ശങ്കിച്ചു നിൽക്കുന്ന ഏതു സന്നിഗ്ദ്ദഘട്ടത്തിലും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാൻ സഹായിക്കുന്ന ഉറ്റ സുഹൃത്തായ കൃഷ്ണന്റെ സാമീപ്യം ആഗ്രഹിക്കാത്തവരായി ആരുണ്ട് !!
എത്ര ആസുരമായ ശക്തികൾ ഒരുമിച്ചു വന്നാലും അവരെയൊക്കെ നിഷ്പ്രഭമാക്കി സാധുക്കളെ കാക്കുന്ന മുകിൽവർണ്ണൻ!!
ഈ ഭൂമിയിലെ സകല സകല ചരാചരങ്ങളേയും തന്റെ മധുരതരമായ വേണുനാദത്തിലൂടെ തന്നിലേക്ക് ചേർത്തു നിർത്തുന്ന ഇടയനാണ് ശ്രീ കൃഷ്ണൻ !!
അങ്ങനെ ഓരോരുത്തർക്കും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭാവത്തിൽ കൃഷ്ണനെ നമ്മുക്ക് ദർശിക്കാനാകും !!!
എൻറെ കൃഷ്ണാ നിനക്കിതെത്ര ഭാവങ്ങളാണ്!!! ഹേ !!! മുരളീധരാ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും നീ എത്ര പ്രിയപ്പെട്ടവനാണ് !! എത്ര ശാന്തമാണ് നിന്റെ മുഖ കമലം, എത്ര നിഷ്കളങ്കമായതാണ് നിന്നോടുള്ള പ്രണയം, എന്താകർഷണമാണ് നിന്റെ വേണുനാദം !!! ഹേ !! ഗിരിധരഗോപകുമാരാ നിന്നോടുള്ള സ്നേഹത്തിൽ, ഭക്തിയിൽ, പ്രണയത്തിൽ അലിഞ്ഞഞ്ഞില്ലാതാകുകയാണ് ഞങ്ങളോരോരുത്തരും ..!
ഹേ !! കൃഷ്ണാ !! ഓരോ ശ്വാസത്തിലും നിശ്വാസത്തിലും നീയാണ് !!! ഓരോ നിമിഷത്തിലും നീയാണ് !!
മുറ്റം
പലപ്പോഴും നീണ്ട കാലത്തിനു ശേഷം നാട്ടിലേയ്ക്ക് തിരിച്ചാൽ , ഹൈവേയിൽനിന്നും തിരിഞ്ഞു തണലു വിരിച്ച പാതയിലൂടെ വീട്ടിലേയ്ക്കു വണ്ടിയിൽ പോകുമ്പോഴുള്ള മനസ്സിൻറെ കുളിർമ പൂർണ്ണമാകുന്നത്, വീട്ടുമുറ്റത്തെ പഞ്ചസാര മണലിൽ കാലുകുത്തുമ്പോഴാണ്. റോഡിൽ നിന്നും വീട്ടിലേയ്ക്കു കടക്കുന്ന മുറ്റം നല്ല പഞ്ചസാരമണൽ വിരിച്ചു കിടക്കുന്നതുകാണാൻ ഒരു പ്രത്യേക ഭംഗിതന്നെയാണ്, അതിൻറെ എല്ലാവിധമായ അഭിനന്ദനങ്ങൾക്കും അർഹതപ്പെട്ടത് എന്റെ 'അമ്മ മാത്രമാണ്. മുറ്റത്തോട്ടു കടക്കുമ്പോൾ വലതുഭാഗത്തു തന്നെ സ്വർണ്ണ മണികൾ പോലെ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ഗോൾഡ് സ്പോട്ട് ചെടിയുടെ വശ്യതയാണ് നമ്മളെ വരവേൽക്കുന്നത്. പിന്നെ ചെമ്പരുത്തിയും റോസും. മുറ്റത്തിന് അതിരിൽ നിറയെ വൃക്ഷ ലതാതികളാണ്, അതിൽ കണിക്കൊന്നയും , മാവും, ആഞ്ഞിലിയും, കവുകും , ചാമ്പയും, പേരയും , ഒരുപാട് ചെടികളും , പച്ചക്കറികളും പിന്നെ പേരറിയാത്ത എന്തൊക്കെയോ ഉണ്ട് , അതിന്റെ ഇലകളൊക്കെ വീണ് മുറ്റം നിറയെ കരിയിലകളായിരിക്കും , പക്ഷെ അമ്മ എല്ലാദിവസവും മുറ്റം തൂത്തു വൃത്തിയായിഇടുന്നതിൽ...


Comments
Post a Comment