ഭിക്ഷക്കാരൻ
അന്നും പതിവു പോലെ പരുപരുത്ത ശബ്ദത്തിൽ നീട്ടിയുള്ള വിളികേട്ടിട്ടാണ് ഉറക്കമുണർന്നത്! അതെ പതിവ് പോലെ യുനുസ് മുതലാളി മീനുമായി വന്നതാണ്! കരിമീൻ, കണമ്പ് മുതലായ മീനാണ് കൊണ്ടുവന്നിട്ടുള്ളത്.
'നല്ല പിടയ്ക്കുന്ന പച്ച മീനാണ് ' മുതലാളിയുടെ സാക്ഷ്യം!!
'പിന്നെ, അയാളുടെ ഒരു പച്ച മീൻ പോ കള്ള ഹമുക്കെ "
അച്ഛൻറെ പതിവ് മറുപടി , അതൊരു ശീലമാണ് മുതലാളിക്കും അച്ഛനും. മുതലാളി കുട്ടയിലുണ്ടായിരുന്ന നല്ല മീനൊക്കെ എടുത്തു വെച്ചിട്ടു സ്ഥിരം വിലയായ "ട്വന്റി ഫൈവ് റുപ്പീസ് " പറഞ്ഞു പിന്നയും അച്ഛൻ വല്ലതുമൊക്കെ പറയും എന്നാലും , മുതലാളിക്കു നല്ല ഒരു വില നല്കും! മുതലാളിയും മറുത്തൊന്നും പറയില്ല! ഇതൊരു നിത്യ സംഭവമാണ്.
അമ്മ മീനൊക്കെ ചട്ടിയിലാക്കി അടുക്കളയിലേക്കു പോകും അച്ഛൻ കുളിച്ചു പ്രാർത്ഥനയൊക്കെ കഴിഞ്ഞു വർക്ക് സൈറ്റിലെക്കും പോകും, ഞങ്ങൾ,ഞാനും അനിയെന്മാരും കൂടി പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു ,ഓരോരോ കളിയിലേക്കും മുഴുകും ,വീട്ടിലെ പറമ്പിൽ നിറയെ മരങ്ങളുണ്ടായിരുന്നു, മാവും,പ്ലാവും,ആഞ്ഞിലിയും,കശുമാ വും . അങ്ങനെ നിറയെ മരങ്ങൾ , അവയുടെ ഇലചാർത്തുകൾ ഞങ്ങൾക്കു മുകളിൽ ഒരു സുരക്ഷാകവചമായി നിലകൊണ്ടു. സ്വച്ച്ന്തമായ ശീതിമയിൽ പ്രകൃതിയും സ്വയം മുഴുകി നില്ക്കുന്നു, മന്ദമാരുതൻ തെങ്ങോല തലപ്പുമായി കിന്നരം ചൊല്ലുന്നു, കരിയിലക്കിളികളും ,ഓലേഞ്ഞാലികളു ം കലപില കൂട്ടുന്നു.
റോഡിലെ തിരക്കും പതിയെ കുറഞ്ഞു വരുന്നു, പത്തു മണിയുടെ ബസും പോയികഴി ഞ്ഞിരിക്കുന്നു ..പിന്നീടു വല്ലപ്പോഴുo പോകുന്ന സൈക്കിൾ റിക്ഷകളും ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് കടന്നു പോകുന്ന സൈക്കിൾ യാത്രക്കാരും മാത്രാമാണ് പാതയിലെ നിശബദതക്കു ഭംഗം വരുത്തുന്നത്. ചുറ്റുവട്ടത്തുള്ള വീടുകളില നിന്നും പലവിധമായ ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം നാട്ടിൻ പുറത്താകെ ഒഴുകി നടക്കുന്നു.അതു നാട്ടിൻ പുറത്തിന്റെ മാത്രം സൗഭാഗ്യമാണ് പതിയെ പതിയെ സൂര്യൻ പ്രതാപം കാട്ടിതുടങ്ങി. ബാല്യത്തിൻറെ നിറക്കൂട്ടിൽ ചിത്ര ശലഭങ്ങളെ പോലെ പാറി നടക്കുന്ന ഞങ്ങൾ ക്ഷീണം എന്നൊന്നു അറിയുന്നതേ ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്നും സമയത്തെ കുറിച്ചുള്ള അമ്മയുടെ ഓർമ്മപ്പെടു ത്തൽ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്, അതൊന്നും കണക്കാക്കാതെ പിന്നെയും ഞങ്ങൾ വിവിധ തരo കളികളുടെ ലോകത്തേക്ക് മുഴുകി, അവസാനം അമ്മ നേരിട്ട് വന്നു നിര്ബന്ധമായി വീട്ടിലേക്കു കൂട്ടികൊണ്ട് പോകും. പതിയെ കുളിയൊക്കെ കഴിയുമ്പോഴ്ക്കും ആഹാരമൊക്കെ തയ്യാറാക്കി അമ്മയും ജോലിയൊക്കെ കഴിഞ്ഞു ഭക്ഷണത്തിനുള്ള ഒരുക്കത്തിലാകും .
പൊടുന്നനെ ഗേറ്റിൽ നിന്നും ഒരു വിളി...
'വല്ലതും തരണേ !!"
" ആരാണന്നു നോക്കിയേ" അമ്മ യുടെ നിര്ദേശം
ഗേറ്റിലേക്ക് പോയി നോക്കി ഞാൻ ഉറക്കെ പറഞ്ഞു
"അമ്മാ ഇടക്കു വരാറുള്ള ഭിക്ഷക്കാരനാണ്"
"മോനെ ഗേറ്റു തുറന്നുകൊടുക്ക് അയാൾക്കു ഭക്ഷണം കൊടുക്കാം'
ഞാൻ ഗേറ്റു തുറന്നുകൊടുത്തു അയാൾ പതിയെ പതിയെ അടുക്കള ഭാഗത്തേക്ക് നടന്നു
തീർത്തും മുഷിഞ്ഞ വേഷം, കൈയ്യിലൊരു ഭാണ്ടവുമുണ്ട് മുഷിഞ്ഞ തുണികൊണ്ടുള്ള ഒരു ഭാണ്ഡം , വളർന്നു വെള്ളം കാണാത്ത മുടിയും, ചെമ്പിച്ച താടിയും
വല്ലപ്പോഴുമൊക്കെ ഉച്ച സമയത്ത് ഭക്ഷണം ചോദിച്ചു വരാറുള്ള ഒരു യാചകനാണ്,കൊടുക്കുന്നതും വാങ്ങി കഴിച്ചുപോകുന്ന നിർദോഷിയായ ഒരു പാവം മനുഷ്യൻ
അയാൾ സാധാരണ പോലെ പതിയെ തന്റെ ഭാണ്ഡം തിണ്ണയുടെ ഒരരികിലേക്ക് നീക്കിവെച്ചു ആഹാരത്തിനായി ഇരുന്നു
അമ്മ ഒരു പാത്രത്തിൽ നിറയെ ചൂടു ചോറും അതിനു മുകളിലായി മോരുകാച്ചിയതും മറ്റൊരു പാത്രത്തിൽ തിളയ്ക്കുന്ന മീന കറിയുമായി അയാൾക്ക് നല്കി ,കൂടെ ഒരു ഗ്ലാസ്സിൽ വെള്ളവും, ഒരു തുള്ളി വെള്ളത്തിൽ കൈ നനച്ചു അയാൾ ആഹാരം തന്റെ അരുകിലേക്ക് നീക്കി വച്ചു
അയാളുടെ കൈവിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു, ആദ്യം മോരിലുണ്ടായിരുന്ന മുളകു നന്നായി ചോറിലേക്കുഞെരടി ചേർത്ത് പരവേശത്തോടെ ഒരു ഒരുളയുരുട്ടി വിറയാർന്ന കൈകളുയർത്തി വായിലേക്കു വച്ചു, പിന്നീട് ഒരൽപം മീൻ കറി ചോറിലേക്കു കുഴച്ചു ആർത്തിയോടെ കഴിക്കുന്നതു വളരെ കൌതുകത്തോടെ ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു. ചൂടു ചോറിലേക്ക് മോര് കാച്ചിയതു പകരുമ്പോൾ വരുന്ന മണം ഏതൊരു മനുഷ്യനും കൊതിയുളവാക്കുന്നതാണ് . ഇന്നും ഒളിമങ്ങാത്ത ഒരു നല്ല ഓർമമയായി എന്നിൽ അവശേഷിക്കുന്നു. ഇത്ര മനോഹരമായി ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് ഞാൻ വേറെ കണ്ടിട്ടില്ല.പുളിശ്ശേരിയിലുള്ള കറിവേപ്പില പോലും അയാൾ ഓഴിവാക്കാറില്ലായിരുന്നു. ഓരോ വറ്റു ചോറും വളരെ ശ്രദ്ധിച്ചു ആസ്വദിച്ചു അയാൾ കഴിക്കുന്നത് ഞാൻ കണ്ടിട്ടുള്ള മനോഹര കാഴ്ചകളിൽ ഒന്നായി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. അയാൾ ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ എനിക്കു എൻറെ വയറുനിറഞ്ഞതായി തോന്നുമായിരുന്നു. അത്രയക്കു മനോഹരമായിരുന്നു ആ കാഴ്ച.
ഭക്ഷണം എല്ലാം കഴിച്ചു കൈ വിരലുകളിൽ പറ്റിയിരിക്കുന്ന ബാക്കി ഭക്ഷണാവശിഷ്ടങ്ങളും നല്ലതു പോലെ നക്കിയിറക്കിയത്തിനു ശേഷം ബാക്കിയുളള വെള്ളത്തിൽ കൈ തുടച്ചു ശേഷമുള്ള വെള്ളം കുടിച്ചു തൃപ്തിയോടെ പാത്രങ്ങൾ കഴുകി അമ്മയെ തിരികെ ഏൽപ്പിച്ചു ഭാണ്ടവും തൂക്കി ആ മനുഷ്യൻ പതിയെ റോഡിലേക്കിറങ്ങി നടന്നകലുന്നതും നോക്കി ഞാൻ നിൽക്കാറുണ്ടായിരുന്നു.
ഇന്നും, പലപ്പോഴും ഫുഡ് കോർട്ടുകളിലും ഹോട്ടലുകളിലും മറ്റും അനാവിശ്യമായി ആഹാരം പാഴക്കുന്നതു കാണുമ്പോൾ പഴയ ഭിക്ഷക്കാരനും അയാളുടെ മുഖവും എന്നെ വീണ്ടും അസ്വസ്ഥപ്പെടുത്തും ...
ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന കോടിക്കണക്കിനു നിസ്സഹായകാരായ മനുഷ്യരുടെ പ്രതീകമാണ് ഇന്നും എനിക്കാ ഭിക്ഷക്കാരൻ
Comments
Post a Comment