ഒരു മാതൃദിന വിചാരം!!!
കുട്ടിക്കാലത്ത് ( ഇന്നും) ഇടിയും മിന്നലും എനിക്ക് ഭയമാണ്, അന്നൊക്കെ മാനത്തു കോളുകണ്ടാൽ തന്നെ വൈദ്യുതി വകുപ്പുകാർ സുരക്ഷാ കാരണത്താൽ ഫ്യുസ് ഊരും പിന്നെ ആ ദിവസം വൈദുതി സ്വാഹാ !! അതും ഇന്ന് കാണുന്നതുപോലുള്ള തെളിച്ചമൊന്നും അന്നത്തെ വൈദ്യുത ദീപങ്ങൾക്കില്ലായിരുന്നു. മിന്നാമിനുങ്ങുകളോടായിരുന്നു അവരുടെ മത്സരം. നിരത്തുകളിലെ കാര്യം പിന്നെ പറയേണ്ടല്ലോ. മിക്കവാറും സന്ധ്യയോടെയാകും മഴയുടെ തുടക്കം , അപ്പോൾ തന്നെ വൈദ്യുതി വകുപ്പുകാർ, വൈദ്യുതി നിശ്ചലമാക്കി മഴയയോട് അനുഭാവം പ്രകടിപ്പിക്കും. എങ്ങും ഇരുണ്ട്, വീശിയടിക്കുന്ന കാറ്റിൽ നിന്നുമാകും മിക്കവാറും മഴയുടെ തുടക്കം, ആദ്യമത് തന്റെ അരിശം തീർക്കുന്നത് മുറ്റത്തും,പറമ്പിലും നിൽക്കുന്ന വലിയ മരങ്ങളോടും കൊന്നത്തെങ്ങുകളോട്മാണ്, കാറ്റിന്റെ സംഹാര താണ്ഡവത്തിൽ മുടിയേറ്റ് നടത്തുന്ന മാവും , തെങ്ങിൻ തലപ്പുകളും കുട്ടിയായിരുന്ന എന്നിൽ ഭീതിയുടെ അലയടികൾ തീർക്കും, കൂട്ടിന് ഇടിയും മിന്നലും കൂടിച്ചേരുമ്പോൾ അത് ആരെയും ഭയപ്പെടുത്തുന്നരീതിയിൽ വന്യത കൈവരിക്കും. പൊടുന്നനെ വരുന്ന ഇടിയിൽ വീടിന്റെ ഭിത്തികൾ പ്രകമ്പനം കൊള്ളും,അതിൻറെ പ്രകമ്പനം മിനിറ്റുകളോളം നീണ്ടു നിൽക്കും ...