ഒരു മാതൃദിന വിചാരം!!!





കുട്ടിക്കാലത്ത് ( ഇന്നും) ഇടിയും മിന്നലും എനിക്ക് ഭയമാണ്, അന്നൊക്കെ മാനത്തു കോളുകണ്ടാൽ തന്നെ വൈദ്യുതി വകുപ്പുകാർ സുരക്ഷാ കാരണത്താൽ ഫ്യുസ് ഊരും പിന്നെ ആ ദിവസം വൈദുതി സ്വാഹാ !!
അതും ഇന്ന് കാണുന്നതുപോലുള്ള തെളിച്ചമൊന്നും അന്നത്തെ വൈദ്യുത ദീപങ്ങൾക്കില്ലായിരുന്നു. മിന്നാമിനുങ്ങുകളോടായിരുന്നു അവരുടെ മത്സരം. നിരത്തുകളിലെ കാര്യം പിന്നെ പറയേണ്ടല്ലോ.


മിക്കവാറും സന്ധ്യയോടെയാകും മഴയുടെ തുടക്കം , അപ്പോൾ തന്നെ വൈദ്യുതി വകുപ്പുകാർ, വൈദ്യുതി നിശ്ചലമാക്കി മഴയയോട് അനുഭാവം പ്രകടിപ്പിക്കും.


എങ്ങും ഇരുണ്ട്, വീശിയടിക്കുന്ന കാറ്റിൽ നിന്നുമാകും മിക്കവാറും മഴയുടെ തുടക്കം, ആദ്യമത് തന്റെ അരിശം തീർക്കുന്നത് മുറ്റത്തും,പറമ്പിലും നിൽക്കുന്ന വലിയ മരങ്ങളോടും കൊന്നത്തെങ്ങുകളോട്മാണ്, കാറ്റിന്റെ സംഹാര താണ്ഡവത്തിൽ മുടിയേറ്റ് നടത്തുന്ന മാവും , തെങ്ങിൻ തലപ്പുകളും കുട്ടിയായിരുന്ന എന്നിൽ ഭീതിയുടെ അലയടികൾ തീർക്കും, കൂട്ടിന് ഇടിയും മിന്നലും കൂടിച്ചേരുമ്പോൾ അത് ആരെയും ഭയപ്പെടുത്തുന്നരീതിയിൽ വന്യത കൈവരിക്കും. പൊടുന്നനെ വരുന്ന ഇടിയിൽ വീടിന്റെ ഭിത്തികൾ പ്രകമ്പനം കൊള്ളും,അതിൻറെ പ്രകമ്പനം മിനിറ്റുകളോളം നീണ്ടു നിൽക്കും ഒപ്പം വരുന്ന മിന്നലിൽ ആ പ്രദേശമാകെ പ്രകാശപൂരിതമാകും, അതിൻറെ വെളിച്ചത്തിൽ പറമ്പിൽ നിൽക്കുന്ന തെങ്ങുകളും മറ്റു വൃക്ഷ ലതാതികളും മറ്റും ഭ്രാന്തമായി ഇളകിയാടുന്നത് ജനാലയിലൂടെ കാണാനാകും , അത് കണ്ടാൽ ആ മരങ്ങളെല്ലാം ഇപ്പോൾ നിലം പതിയ്ക്കുമെന്നു തോന്നും ആരിലും ഭയം ജനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. ഒന്നിന് പിന്നാലെ തുടർച്ചയായി മിന്നലും ഇടിയും അതിന്റെ സംഹാരവിളയാട്ടം തുടരും , ഭയചകിതരായി ഞങ്ങൾ മക്കൾ അമ്മയെ ഇറുകെ പുണർന്നു കണ്ണടച്ചു കിടക്കും.


" അർജ്ജുനന്റെ പത്തു നാമങ്ങളും ജപിച്ചു കിടന്നോളു അപ്പോൾ പേടി തോന്നില്ല" 'അമ്മ പറയും.


"അർജ്ജുനൻ , ഫൽഗുണൻ, പാർത്ഥൻ, വിജയൻ, വിശ്രുതമായ പേർ പിന്നെ കിരീടിയും ... " എന്ന് തുടങ്ങി പത്ത്‌ നാമങ്ങളും 'അമ്മ ഉരുവിടും, ഞങ്ങളും അതേറ്റു ചൊല്ലും"

പക്ഷേ അതുകൊണ്ടൊന്നും പേടി മാറിയിരുന്നില്ല എന്നെ പുണർന്നിരുന്ന അമ്മയുടെ കൈകളായിരുന്നു എന്റെ ധൈര്യം ..., പതിയെ പതിയെ ഞങ്ങൾ, മക്കളെല്ലാവരും, ഉറക്കത്തിലേക്ക് വഴുതി വീഴും , അപ്പോഴും 'അമ്മ പകലന്തിയോളമുള്ള ജോലിഭാരത്തിന്റെ ക്ഷീണത്തിൽ പോലും പാതി ഉറക്കവും പാതി ഉണർന്നുമിരിക്കും, അച്ഛൻ ജോലി കഴിഞ്ഞു തിരിച്ചു വരുവോളം , അച്ഛൻ വന്നതിനുശേഷമേ 'അമ്മ ഉറങ്ങിയിരുന്നുള്ളൂ.


ഇന്നും അങ്ങ് ദൂരെ മഴയുടെ ഇരമ്പൽ കേൾക്കാം മഴയ്ക്ക് അകമ്പടിയായി മാനം പിളർന്നെത്തുന്ന കൊള്ളിമീനുകൾക്കും വെള്ളിടികൾക്കും ഒട്ടും മാറ്റമില്ലന്നു മാത്രമല്ല മരങ്ങൾ വെട്ടിമാറ്റിയതിനാലും, പ്രകൃതി ചൂഷണവും വനനശീകരണവും ഉച്ചസ്ഥായിലായതിനാലും ഇടിമിന്നലിൻറെ മൂർച്ചയും കാഠിന്യവും കൂടിയിട്ടുമുണ്ട് . പണ്ടതു കാണുമ്പോൾ ഭയചകിതരായി അമ്മയുടെ ചിറകിനടിയിൽ സുരക്ഷിതത്വം തേടിയിരുന്ന മക്കളെല്ലാവരും ഇന്ന് വളർന്നിരിക്കുന്നു , അവർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുവാനായി പറന്നകന്നിരിക്കുന്നു. അമ്മെയന്നും ഉറക്കമിളച്ചു കാത്തിരുന്ന അച്ഛനിനി ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രയിലും.


അമ്മ മാത്രമിപ്പോൾ ഒറ്റയ്ക്കാണ്‌, മഴപെയ്യുമ്പോഴും, ഇടിമിന്നൽ അതിൻറെ ഉഗ്രരൂപം കാട്ടുമ്പോഴുമെല്ലാം ഇന്നുമെനിക്ക് ഭയമാണ്, കാരണം എൻറെ അമ്മയിപ്പോൾ ഒറ്റയ്ക്കാണ്, എൻറെയുള്ളിലെ ഭയത്തിനെ അകറ്റി നിറുത്തിയിരുന്ന ആ വിരലുകൾ ഇപ്പോൾ ക്ഷീണിതമായിരിക്കുന്നു, എന്നിട്ടും എനിക്കിപ്പോഴും അമ്മയ്ക്കായി ഒന്നും ചെയ്യുവാൻ കഴിയുന്നില്ല.
മാതൃദിനത്തിൽ മാത്രമല്ല, എല്ലാദിവസവും എന്റെ വേദനയും അതുതന്നെയാണ്, അത് പറയുമ്പോഴെല്ലാം 'അമ്മ പറയും


" സാരമില്ല മക്കളെ ,എനിക്ക് കൂട്ടിനെന്റെ കണ്ണനുണ്ടല്ലോ"


അമ്മ വലിയ ഒരു കൃഷ്ണ ഭക്തയാണ്, 'അമ്മ ഈശ്വരനോട് പ്രാർത്ഥിക്കുന്നതു മുഴുവൻ,പ്രാർത്ഥിക്കുന്നത് മാത്രമല്ല ജീവിക്കുന്നതും, മക്കൾക്കും മറ്റു കുടുംബാങ്ങൾക്കും വേണ്ടിയാണ് , അമ്മയൊരിക്കലും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറോ ചിന്തിക്കാറോയില്ല,


ഇതുപോലെ ഒരു പാട് അമ്മമാർ ഏകാകിയായി ഓരോ ദിനവും തള്ളി നീക്കുന്നു മക്കളുടെയും കുടുംബത്തിന്റെയും വല്ലപ്പോഴുമുള്ള ഒരു സന്ദർശനത്തിനുവേണ്ടി, അതിനപ്പുറം വലുതായി ഒരു സൗഭാഗ്യങ്ങളും ഇല്ലെന്നു വിശ്വസിക്കുന്ന ഒരുപാട് നിരാലംബകളായ അമ്മമാർ. അതുപോലെ തന്നെയാണ് ദൂരെ ദൂരെ എല്ലാ സൗഭാഗ്യങ്ങൾക്കും മീതെ അമ്മയെ ഓർത്തു വേദനിക്കുന്ന ഓരോ മക്കളും .


മക്കളുടെ സന്തോഷത്തിനും, സമാധാനത്തിനും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും വേണ്ടി ഈ മാതൃ ദിനത്തിൽ ഞാനിത് അവരുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.

സൂരജ്

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്