മുറ്റം
പലപ്പോഴും നീണ്ട കാലത്തിനു ശേഷം നാട്ടിലേയ്ക്ക് തിരിച്ചാൽ , ഹൈവേയിൽനിന്നും തിരിഞ്ഞു തണലു വിരിച്ച പാതയിലൂടെ വീട്ടിലേയ്ക്കു വണ്ടിയിൽ പോകുമ്പോഴുള്ള മനസ്സിൻറെ കുളിർമ പൂർണ്ണമാകുന്നത്, വീട്ടുമുറ്റത്തെ പഞ്ചസാര മണലിൽ കാലുകുത്തുമ്പോഴാണ്.
റോഡിൽ നിന്നും വീട്ടിലേയ്ക്കു കടക്കുന്ന മുറ്റം നല്ല പഞ്ചസാരമണൽ വിരിച്ചു കിടക്കുന്നതുകാണാൻ ഒരു പ്രത്യേക ഭംഗിതന്നെയാണ്, അതിൻറെ എല്ലാവിധമായ അഭിനന്ദനങ്ങൾക്കും അർഹതപ്പെട്ടത് എന്റെ 'അമ്മ മാത്രമാണ്. മുറ്റത്തോട്ടു കടക്കുമ്പോൾ വലതുഭാഗത്തു തന്നെ സ്വർണ്ണ മണികൾ പോലെ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ഗോൾഡ് സ്പോട്ട് ചെടിയുടെ വശ്യതയാണ് നമ്മളെ വരവേൽക്കുന്നത്. പിന്നെ ചെമ്പരുത്തിയും റോസും. മുറ്റത്തിന് അതിരിൽ നിറയെ വൃക്ഷ ലതാതികളാണ്, അതിൽ കണിക്കൊന്നയും , മാവും, ആഞ്ഞിലിയും, കവുകും , ചാമ്പയും, പേരയും , ഒരുപാട് ചെടികളും , പച്ചക്കറികളും പിന്നെ പേരറിയാത്ത എന്തൊക്കെയോ ഉണ്ട് , അതിന്റെ ഇലകളൊക്കെ വീണ് മുറ്റം നിറയെ കരിയിലകളായിരിക്കും , പക്ഷെ അമ്മ എല്ലാദിവസവും മുറ്റം തൂത്തു വൃത്തിയായിഇടുന്നതിൽ ബദ്ധ ശ്രദ്ധ പുലർത്തിയിരുന്നു. ഞങ്ങളുടെയൊക്കെ ജീവിതത്തിലും , മറ്റെല്ലായിടത്തുമെന്നപോലെ അമ് മയുടെ പരിചരണമായിരുന്നു എന്റെ വീട്ടു മുറ്റത്തിന്റെ ആകർഷണത്തിനു കാരണം, പൊഴിഞ്ഞു വീഴുന്ന കരിയിലകൾ പോലും ഒരുവേള ആഗ്രഹിച്ചിട്ടുണ്ടാവണം കുറച്ചുനേരം കൂടി ആ മുറ്റത്ത് വിശ്രമിക്കാൻ.
ഈ മണലിൽ ചവിട്ടിയാണ് ഞങ്ങൾ നടന്നത്, കളിച്ചതും, വീണതും കുസൃതി കാട്ടിയതും വളർന്നതുമെല്ലാം.
ഈ മണലിൽ എവിടെയും എൻറെ പൂർവികരുടെ കാൽപ്പാടുകൾ ഉണ്ട്, അച്ചാച്ഛന്റെ , അച്ചാമ്മയുടെ,അമ്മൂമ്മയുടെ , പിന്നെയും ഒരുപാട് പേർ , കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിൽ നടന്നുമറഞ്ഞവർ അങ്ങനെ എത്രയോപേർ. ഈ മുറ്റത്തു നിൽക്കുമ്പോൾ അവരൊക്കെ ഇവിടെ എവിടെയോ ഉള്ളതുപോലെ തോന്നും.
ഓണത്തിനു മുറ്റത്തിന്റെ ഭംഗി പതിൻമടങ്ങു് വർദ്ധിക്കുമായിരുന്നു, മുറ്റത്തിന് മധ്യത്തിലായി അമ്മയിടുന്ന അത്തപ്പൂക്കളമായിരുന്നു അതിനു കാരണം. നെറ്റിയിൽ വലിയ പൊട്ടു ചാർത്തിയ ഒരു സുന്ദരിയുടെ ഭാവമായിരിക്കും അപ്പോൾ മുറ്റത്തിന്.
കൊയ്ത്തു കാലത്തു കൊയ്തുവച്ച കറ്റകളും, കറ്റ മെതിച്ചതും കറ്റമെതിച്ചശേഷം മുറ്റം നിറയെ വിരിച്ചിടുന്ന വൈക്കോലും, അതിൽ കിടന്നു മറിയുന്ന ബാല്യവും. ഇതെല്ലാം കഴിയുമ്പോൾ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിനെ അനുസ്മരിപ്പിക്കും വിധം അലങ്കോലമായിട്ടുണ്ടാകും മുറ്റം.
വൃശ്ചിക മാസമായാൽ വീട്ടിൽ വയ്ക്കുന്ന കഞ്ഞിയും അസ്ത്രവും , അത് കഴിക്കാനെത്തുന്ന ആൾക്കാരും, അവരെ തഴുകാനെന്നപോലെ പതിയെ വീശുന്ന വൃശ്ചിക കാറ്റും കൂടി എന്റെയീ മുറ്റത്തിന് ഒരു ശാലീനത കൈവരുമായിരുന്നു, കുളികഴിഞ്ഞു ഈറനുടുത്തു അമ്പലനടയിൽ തൊഴുതു നിൽക്കുന്ന ഒരു ദേവാങ്കനയെപ്പോൽ ശാലീന ഭാവമാണ് അപ്പോൾ മുറ്റത്തിന്.
ഇടവപ്പാതിക്കും, തുലാമഴയ്ക്കും മുറ്റം നിറയെ വെള്ളമായിരിക്കും , അപ്പോൾ മരങ്ങളിലെയും തെങ്ങിലേയും പൊടിയും കരിയിലകളുമെല്ലാം വീണ് മുറ്റത്ത് അവിടിവിടെയായി അഴുക്കുകൾ അടിഞ്ഞുകൂടും എങ്കിലും വെള്ളമണലിൽ നിറഞ്ഞു നിൽക്കുന്ന മഴവെള്ളത്തിൽ കളിച്ചു തിമിർത്ത കുട്ടിക്കാലം ഓരോ മഴയത്തും എന്റെ ഓർമ്മകൾ എന്നെയാ തിരുമുറ്റത്തേയ്ക്ക് കൊണ്ടുപോകാറുണ്ട്.
എത്ര ചൂടാണെങ്കിലും, മുറ്റത്ത് നിറഞ്ഞു നിൽക്കുന്ന ചാമ്പമരത്തണലിൽ ഒരു കസേരയിൽ ഇരുന്നാൽ കിട്ടുന്ന തണുപ്പും സന്തോഷവും, സംതൃപ്തിയും ലോകത്ത് മറ്റൊരെടുത്തും എനിക്ക് അനുഭവേദ്യമല്ല.
ഓരോ തവണ അവധി കഴിഞ്ഞു തിരികെപ്പോരുമ്പോഴും, അച്ഛനോടും അമ്മയോടുമൊപ്പം ഈ മുറ്റവും മൂകമായി ഗദ്ഗദപ്പെടുന്നതായി എനിക്കനുഭവപ്പെടാറുണ്ട്, അതുപോലെ തന്നെ ഓരോ തവണ അവധിക്കു ചെല്ലുമ്പോഴും അച്ചനോടും അമ്മയോടുമൊപ്പം ഈ മുറ്റവും അക്ഷമമായി എന്നെ കാത്തിരിക്കാറുണ്ട്.
കാലങ്ങൾ കഴിഞ്ഞതോടെ, എല്ലായിടവും പുതിയ സൗന്ദര്യചിന്തയുടെ പ്രതിരൂപമായ സിമിന്റു കല്ലുകളാൽ മൂടപ്പെട്ടതു പോലെ, എന്റെയീ പഞ്ചസാര മണലുകൾക്കുമീതെയും നിറം പൂശിയ, നിർവികാരമായ, കല്ലുകൾ നിരത്തപ്പെട്ടു. പഴയ കാൽപ്പാടുകളും, ഓർമ്മകളുമെല്ലാം അതിനടിയിൽ കുഴിച്ചുമൂടപ്പെട്ടു. ഇപ്പോഴും ആ നിറംപൂശിയ കല്ലുകൾക്കുമീതെ നിൽക്കുമ്പോൾ എനിക്കു തോന്നും ഒഴുകി നടക്കുന്ന കാറ്റിൽ എവിടെയോ കുഴിച്ചുമൂടപ്പെട്ട എന്റെ പഞ്ചസാര മുറ്റത്തിന്റെ നേർത്ത തേങ്ങലുകൾ.
സൂരജ്

Comments
Post a Comment