നേരാം വഴി കാട്ടും ഗുരുവല്ലോ പരംദൈവം !!!
ശ്രീനാരായണ ഗുരുവിനെ ഞാൻ ഒരിക്കലും ദൈവമായി കണ്ടിട്ടില്ല ,അതിനാൽ തന്നെ ഞാൻ ഒരിക്കലും ഒരു ഭക്തനായിരുന്നില്ല, ഒരു പക്ഷെ അതെന്റെ അജ്ഞത കൊണ്ടാവാം ..എന്നാൽ തീർച്ഛയായും ഗുരുവാണ് ദൈവത്തിലേയ്‌ക്കുള്ള വഴികാട്ടുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .. അത് ഞാൻ പഠിച്ച , അല്ലെങ്കിൽ എന്നെ പഠിപ്പിച്ച "മാതാ പിതാ ഗുരു ദൈവം' എന്ന നമ്മുടെ സംസ്കൃതിയിൽനിന്നാണ് . പക്ഷേ ഗുരുവിനെ അറിയും തോറും  ഗുരു എന്മുന്നിൽ സമുദ്രമായി പടരുന്നു അതിന്റെ ആഴവും പരപ്പും കൂടിക്കൂടി വരുന്നു, ഓരോ അറിവും എന്റെ പരിമിതമായ അറിവിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിലുമേറെയാണ്‌.  "അറിവിലുമേറെ അറിഞ്ഞിടുന്നവൻ തന്നു- രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി  ത്തെരുതെരെ വീണുവണങ്ങി യോതിടെണം"   വലിയ ഗുരുഭക്തരെന്നും, വിശ്വാസികൾ എന്നുമൊക്കെ സ്വയം പുകഴ്ത്തി നടക്കുന്നവർ, അവരുടെ പ്രവർത്തിയും കർമ്മവും കാണുമ്പോൾ  എത്രമാത്രം ഗുരുവിനെ ഉൾക്കൊള്ളുന്നു എന്ന് സംശയമാണ്.അവർക്കൊക്കെ ഗുരു വചനങ്ങളും, വാക്കുകളുമൊക്കെ  വെറും മേന്മ കാട്ടുവാൻ മാത്രമുള്ള ഉപാധികളാണ്. എന്റെ ചിന്തയിൽ ഗുരു പഠിപ്പിച്ചതും, പഠിപ്പിക്കുവാൻ ശ്രമിച്ചതുമൊക്കെ പറഞ്ഞുനടക്കുവാനല്ല പകരം ജീവിതത്തിൽ പ്രവർത്തികമാക്കുവാനാണ്. ഓരോ ഗുരുദേവജയന്തിക്കും "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" യെന്നു കേൾക്കുമ്പോൾ കുറച്ചുനാളുകൾക്ക് മുൻപ് നടന്ന ഒരു ഒരു സംഭവം ഓർത്തുപോയി !! എല്ലാവർഷവും നാട്ടിൽ പോകുമ്പോൾ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടു ഗുരുവായൂരെത്തി തൊഴുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു കൊല്ലം മുൻപ് അങ്ങനെ ഒരിക്കൽ ഭക്തവത്സലനായ കണ്ണനെ കാണുവാൻ പതിവു പോലെ ഗുരുവായൂർ സന്നിധിയിൽ എത്തി. വരിനിന്നു ഭഗവാനെ ദർശിച്ചശേഷം അമ്പലത്തിനുള്ളിൽത്തന്നെ കുറച്ചു നേരം ചിലവഴിക്കുക എന്നത് ഏതു ഭക്തനും ചെയ്യുന്ന ഒരു കാര്യമാണ്. അവിടെ അങ്ങനെ നിൽക്കുമ്പോൾ ഒരു വല്ലാത്ത അനുഭൂതി തന്നെയാണ്.ഭഗവാനെ വെഞ്ചാമരം വീശുന്ന മന്ദമാരുതൻറെ അതിലോലമായ തലോടൽ നമുക്കു നൽകുന്ന ആത്മസുഖം പറഞ്ഞറിയിക്കുവാൻ പ്രയാസമാണ്. അങ്ങനെ അവിടെ ഭാര്യയോടും, അമ്മയോടും, കുഞ്ഞുങ്ങളോടും ചിലവഴിച്ചുകൊണ്ടിരിക്കുമ്പോൾ മക്കൾക്ക് പാൽപായസം വേണമെന്ന് പറഞ്ഞു. അത് കേട്ടുകൊണ്ട് നിന്ന ഒരു വ്യക്തി പൈസ കൊടുത്താൽ മതി അദ്ദേഹം പാൽപായസം നൽകാമെന്നു പറഞ്ഞു. അതനുസരിച്ചു ഞാൻ സമ്മതിക്കുകയും അയാൾ പോയി ഒരല്പനേരത്തിനുള്ളിൽത്തന്നെ പാൽപായസവുമായി മടങ്ങിയെത്തുകയും മകളുടെ കയ്യിൽ അത് ഏൽപ്പിക്കുകയും ചെയ്തു. പാൽപായസം നൽകുന്നതിനോടൊപ്പം സൗഹൃദപൂർവ്വം തൃശൂർ ഭാഷയിൽ അയാൾ മകളോട് ചോദിച്ചു " എന്താ പേര്"  "ഭാവന" മകൾ പേര് പറഞ്ഞു,  "ഭാവന മാത്രേയുള്ളൂ? എന്താ പൂർണ്ണമായ പേര്"  "ഭാവന സൂരജ്" മകൾ പൂർണ്ണമായ പേരുപറഞ്ഞു. "അല്ല പിന്നെയുന്നുമില്ലേ? ജാതിപ്പേര് ?" ഇതൊക്കെപ്പറയുമ്പോഴും ചിരിച്ചുകൊണ്ട് സൗഹൃദമായാണ് അയാൾ ചോദിച്ചത്.   അതുകേട്ട മകൾ  പറഞ്ഞു "ഹിന്ദുവാണ്'  "അല്ല ജാതി എന്നത് മനസ്സിലായില്ലേ ??'  മനസ്സിലാകാതെ  മകൾ തിരിഞ്ഞ് എന്നെ നോക്കി ചോദിച്ചു " അച്ഛാ ജാതി? എന്താ?"  അത് കേട്ട് ആശ്ചര്യത്തോടെ അയാൾ " സ്വന്തം ജാതി അറിയില്ലന്നച്ചാൽ..... എന്താ ചെയ്യുക, അച്ഛനോടും അമ്മയോടും ചോദിക്കുക "  സ്വന്തം സമാധാത്തിനെന്നവണ്ണം അയാൾ വീണ്ടും പറഞ്ഞു " അല്ല എവിടെയും ഒരിരിപ്പിടം കിട്ടുമായിരിക്കുമല്ലോ' അതും പറഞ്ഞു അയാൾ ഞാൻ നൽകിയ നോട്ടിനോട് ഒരു ചോദ്യവുമില്ലാതെ സ്നേഹപൂർവ്വം വാങ്ങി  കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് നടന്നകന്നു. ഇതെല്ലാം കൗതുകത്തോടെ നോക്കിനിന്ന എന്നോട് മകൾ ചോദിച്ചു " ഈ ജാതി എന്താണച്ഛാ ?"  അത് കേട്ടുകൊണ്ട് നിന്ന അമ്മ അപ്പോൾ അവളോട് പറഞ്ഞു നാമെല്ലാവരും ഉണ്ണിക്കണ്ണന്റെ ഭക്തന്മാരാണ് അത് തന്നെയാണ് നമ്മുടെ ജാതിയും" അപ്പോഴും ഒന്നും മനസ്സിലാകാതെ മകൾ എന്നെ നോക്കി, അവളെ ചേർത്ത് പിടിച്ചു പതുക്കെ നടക്കുമ്പോൾ മനസ്സിൽ ഞാൻ ആലോചിച്ചു .. അന്യർക്കു ഗുണം ചെയ്യുവാനായി  സ്വന്തം "ആയുസ്സും , വപുസ്സും, ആത്മതപസ്സും ബലിചെയ്ത " ഗുരുവിനു നന്നാക്കുവാൻ സാധിക്കാത്ത ഈ സമൂഹത്തെ ഇനി ആരു  രക്ഷിക്കും?  ഒപ്പം "സ്വന്തം ജാതി അറിയാത്ത" മകളെക്കുറിച്ചു അഭിമാനം തോന്നുകയും ചെയ്തു. ഓരോ ദിവസം കഴിയും തോറും,  വേദാഗമസാരങ്ങളറിഞ്ഞ  ഗുരുവിന്റെ വാക്കുകളുടെ പ്രസക്തിയും  കൂടിക്കൂടി വരുന്നു .... സൂരജ് 

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്