പൊതിച്ചോർ!!





 പൊതിച്ചോർ!!
Image result for pothichoru



രാവിലെ എഴുനേറ്റു പ്രഭാതകൃത്യങ്ങളൊക്കെ  കഴിഞ്ഞു, അമ്മ തന്ന ചായയും കുടിച്ചു പത്രമൊക്കെ വായിക്കുമ്പോൾ , അമ്മ അടുക്കളയിൽ നല്ല തിരക്കിലാകും, നമുക്കതൊന്നും ഒരു പ്രശ്നമല്ല. പത്രം വായനയൊക്കെ കഴിഞ്ഞാൽ ഡ്രസ്സ്‌ ഒക്കെയിട്ടു നേരെ ഡൈനിങ്ങ്‌ ടേബിളിലെയ്ക്ക്, പ്രഭാത ഭക്ഷണത്തിനുള്ള ദോശയോ, ഇഡ്ഡലിയോ മറ്റോ കാണും . അപ്പോഴും അമ്മയുടെ തിരക്കിനൊരു കുറവുമുണ്ടാവില്ല. അതിനിടയിൽ അമ്മ തന്നെ പോയി പറമ്പിൽ നിൽക്കുന്ന  വാഴയില വെട്ടിക്കൊണ്ടുവരും എന്നിട്ടതു വെള്ളം കൊണ്ട് തുടച്ചു  തീയിൽ വാട്ടി വീണ്ടും  അമ്മയുടെ സാരിത്തുമ്പുകൊണ്ടു  തുടച്ചു വൃത്തിയാക്കി അതിലേയ്ക്കു ആവി പറക്കുന്ന നല്ല ചൂടു കുത്തരിച്ചോറു പകർന്ന് ചൂടാറാനായി ഡൈനിങ്ങ്‌ ടേബിളിലെയ്യ്ക്കും വെയ്ക്കും. ചൂടാറിയ ചൊറിലെയ്ക്കു, അരകല്ലിലരച്ച നല്ല തേങ്ങാചമ്മന്തി ഒരു ഒരുള, ഒരു കഷ്ണം പൊരിച്ചമീൻ  അല്ലെങ്കിൽ മുട്ട വറുത്തത്, പിന്നെ ഒരു തോരാനോ അല്ലെങ്കിൽ ചെറുപയർ  മെഴുക്കുപുരട്ടിയോ, . ഇത്രയുമാണ് വിഭവങ്ങൾ. എന്നിട്ട് ചോറു നല്ലതുപോലെ ഒതുക്കി വളരെ സൂക്ഷിച്ചു ഇല പൊട്ടാതെ പൊതിഞ്ഞു വയ്ക്കും, അപ്പോഴേയ്ക്കും നമ്മൾ റെഡി,

" അമ്മാ, ചോറ് " സൈക്കിളിൽ കയറിയതിനു ശേഷമാണ് ഈ വിളി 

പാവം അമ്മ , ഉടനെ തന്നെ ചോറുമായി ഓടി വരും, പുസ്തകങ്ങൾക്കൊപ്പം, പുസ്തകമെന്നു പറയാനും വേണ്ടിയൊന്നുമില്ല  വളരെ കുറച്ചു ബുക്കുകൾ മാത്രം , ചൂടുള്ള ചോറ് പൊതിയും ബുക്കുമായി നേരെ അടുത്ത ലക്ഷ്യത്തിലേക്ക്, കരുനാഗപ്പള്ളി ബസ്സ് സ്റ്റാൻഡ്, ഞങ്ങൾക്കതു നിർബന്ധമാണ് രാവിലെ എല്ലാവരും കൃത്യം എട്ടു മണിക്കുതന്നെ സ്റ്റാൻഡിൽ ഹാജരാകണം. പിന്നെ അവിടെ ഒരു ബഹളമാണ്, ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ "അങ്കം" എല്ലാവരും കാണും , അവിടെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നൊരു മിൽമാ ബൂത്തും അതിനരികിൽ ഒരു ആൽമരവും, പലപ്പോഴും ബുക്കുകളും മറ്റ് "അത്യാവശ്യസാധനങ്ങളും" ഞങ്ങൾ തൽക്കാലത്തേക്ക് സൂക്ഷിക്കുന്നത് ആ ആലിൻറെ ചില്ലകളിലാണ്. അവിടെ നിന്നാൽ സ്റ്റാൻഡിന്റെ എല്ലാ വശങ്ങളും നല്ലതുപോലെ കാണുകയും, അത്യാവശ്യം പുകവലി മിൽമാ ബൂത്തിന്റെ മറവിൽ നടക്കും എന്നതും ഒരു കാര്യം , അവിടെ കൂടിയിരിക്കുന്ന കൂട്ടത്തിൽ ചിലരൊന്നും  കോളേജിൽ പഠിക്കുന്നവരല്ല, പക്ഷെ  അവരെ കണ്ടാൽ ഒരിക്കലുമത് തോന്നുകയേയില്ല, മറ്റു ചിലർ ഐ റ്റി ഇ കളിൽ പഠിക്കുന്നവർ. എന്നിരുന്നാലും എല്ലാവരും സുഹൃത്തുക്കൾ എന്നതുകൊണ്ടും പിന്നെ ആ പ്രദേശത്തെയും ,മറ്റു ചുറ്റുവട്ടത്തുമുള്ള "നിറഭേദങ്ങളുടെ" ഒരു കൂടിച്ചേരലുകൾ നൽകുന്ന ആസ്വാദനത്തിന് കൂടി വേണ്ടിയാണ് അവർ രാവിലെ തന്നെ അവിടെയെത്തുന്നത്. ചിലർ വരുന്നതും പോകുന്നതും കർശന  സമയക്രമത്തിൽ ആയിരിക്കും , അയ്യോ തെറ്റിദ്ധരിക്കല്ലേ!!! മറ്റൊന്നും കൊണ്ടല്ല, സമയം തെറ്റിയാൽ ഒരേ സമയം രണ്ടു കാമുകിമാരോടും സമാധാനം പറയേണ്ടിവരും അതിനാലാണ്, മറ്റു ചിലർ വരുന്നത് തങ്ങളുടെ വൺ വേ ലൈനിനെ കാണുവാനാണ്( വർഷങ്ങളായിട്ടുണ്ടാകണം ഒരാളിനെ "സ്നേഹിച്ചു തുടങ്ങിയിട്ട്"  ലോകത്തെല്ലാവരും അതറിഞ്ഞിട്ടുണ്ടാകും  ഒരാളൊഴിച്ച് , അതാ പെൺകുട്ടിയാണ്) കൂടുതലും ഇതിലൊന്നും പെടുകയില്ല.. അവർക്കങ്ങനെ വല്യഭാവമൊന്നുമില്ല, നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത അവർ  എല്ലാവരെയും ഒരുപോലെയാണ്  കാണുന്നത് . അങ്ങനെ ഒരു ഒൻപതേ കാലാകുമ്പോഴുക്കും ഓരോരുത്തരരായി അവരവരുടെ കോളേജുകളിലേയ്ക്കും മറ്റുള്ളവർ അവരവരുടെ പണിയ്‌ക്കോ വീട്ടിലേയ്‌ക്കോ പോകും.

ഞങ്ങൾ കൊല്ലത്തേക്ക് പോകുന്നത് സ്ഥിരമായ ഒരു ബസ്സിലാണ് ടി ആർ 924  ( എന്നോ മറ്റോ  ആണെന്നാണ് എന്റെ ഓർമ്മ) , എല്ലാവരും കയറി ബസ്സ് മുന്നോട്ട് നീങ്ങി സ്റ്റാൻഡിൽ നിന്നും റോഡിലേയ്ക്ക് കയറുമ്പോഴായിരിക്കും ഞങ്ങൾ, ഓടി കയ്യിലുള്ള ബുക്കുകളും ചോറ് പൊതികളും അകത്തേയ്ക്കിട്ടു  ചാടി ബസ്സിന്റെ ഫൂട്ട് ബോർഡിൽ തൂങ്ങുന്നത്, പലപ്പോഴും കാലുവയ്ക്കുന്നത് മറ്റുപലരുടെയും കാലിലായിരിക്കും, അല്ലെങ്കിൽ താഴേയ്ക്ക് പോകുമ്പോൾ ഉടുപ്പിൻറെ കോളറിൽ പിടിച്ചു തൂക്കിയെടുക്കുന്നത് കൂട്ടുകാരായിരിക്കും. ഇതെല്ലാം കൃത്യമായി എല്ലാവരുടെയും വീടുകളിലും എത്തപ്പെടും, അക്കാലത്തു നടന്ന ഒരു സംഭവം 

രാവിലെ മകൻ കോളേജിലേക്ക് പോകാനിറങ്ങിയപ്പോൾ അച്ഛൻ പത്രം വായിക്കുകയാണ് , അന്നെത്തെ  പാത്രത്തിൽ ഫൂട്ട് ബോർഡിൽ യാത്ര ചെയ്യവേ നടന്ന ഒരു അപകടത്തെപറ്റി വാർത്തയുണ്ടായിരുന്നു , അതുവായിച്ച അച്ഛൻ മകനെ നോക്കി പറഞ്ഞു 

"നീയൊക്കെ ഇങ്ങനെയായിരിക്കുമല്ലേ ബസ്സിൽ യാത്ര ചെയ്യുക"

"ഹേയ്" "ഒരിക്കലുമില്ല"

അന്ന് രാവിലെ സ്റ്റാൻഡിലെ തമാശയൊക്കെ കഴിഞ്ഞു ബസ്സിൽ തൂങ്ങിയാടിയ  ആ മകൻ തലതിരിച്ചൊന്നു നോക്കിയപ്പോൾ  അന്തം വിട്ടു നിൽക്കുന്ന ഒരുമനുഷ്യനെയാണ് കണ്ടത് , അപ്പോൾ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു " അച്ഛൻ"

അങ്ങനെ എത്രയെത്ര രസമുള്ള ഓർമ്മകൾ .....

ബസ്സിൽ കടന്നശേഷം പിന്നെ പരസ്പരം കളിയാക്കിയും , തമാശപറഞ്ഞും കൊല്ലം വരെ യാത്ര ..

ക്ലാസിലെത്തിയാൽ ( വല്ലപ്പോഴുമേ ക്‌ളാസിൽ കയറൂ, പിന്നെ ഫൈനൽ ഇയർ ആയതുകൊണ്ട് ക്‌ളാസിൽ കയറാത്തവരെ പ്രാക്ടിക്കൽ ക്ലാസ്സിൽ കയറ്റില്ല , അതിനാൽ മാത്രം  ) പിന്നെ സമയത്തിന്റെ സൂചി ചലിക്കില്ല .... അങ്ങനെ ഒരു പരുവത്തില് ആദ്യത്തെ രണ്ടു പീരീഡ്‌ കഴിയും !!! ഹോ !! സമയം പോകാൻ എന്താണ് ഇത്ര താമസം !! ഒരുവിധം മുന്നാമത്തെ പീരീഡ്‌ കഴിയുമ്പോഴേക്കും, വിശപ്പെന്ന വില്ലൻ ആക്രമണം തുടങ്ങിയിരിക്കും അതിന്റെ കൂടെ പുറത്തുനിന്നുള്ള ഹോട്ടലുകളിലെ ഒരുമാതിരി വൃത്തികെട്ട മണവും കൂടിയാകുമ്പോൾ നമ്മളൊരു പരുവമാകും.അതേ സമയം തന്നെ മതിലിനപ്പുറത്തെ ഹോട്ടലിൽ നിന്നും റേഡിയോയിലൂടെ ഒഴുകിവരുന്ന ഒരു കച്ചേരി കേൾക്കാൻ സാധിക്കും, അതോടെ വിശപ്പ് നിയതന്ത്രണാതീതമാകും ( ഇന്നും അങ്ങനെ തന്നെയാണ് , പഴയതുപോലെ ഇല്ലെങ്കിലും വല്ലപ്പോഴുമൊക്കെ ആ കച്ചേരി കേൾക്കുമ്പോൾ എനിക്കു വിശക്കും ) അവസാനം നിരങ്ങി നിരങ്ങി അവസാന പീരീഡും കഴിഞ്ഞു ഒരാക്രാന്തമാണ്‌ കൈ ഒരു വിധത്തിൽ കഴുകി തിരിച്ചുവന്നു ഇരിക്കുന്ന ബഞ്ചിലോ അല്ലെങ്കിൽ ഡെസ്കിലോ വെച്ചു  പൊതിതുറക്കും അപ്പോൾ വരുന്ന ഒരു മണമുണ്ട് വാടിയ വാഴയിലയിൽ നിന്നും ചോറും, തേങ്ങാച്ചമ്മന്തിയുടെയും , പൊരിച്ചമീനിന്റെയും ഒരു മണം ......... അത് വാക്കുകൾക്കും വിവരങ്ങൾക്കും അതീതമാണ്  അതൊക്കെ അനുഭവിച്ചു തന്നെ അറിയണം അല്ലാതെ എത്രയൊക്കെ പറഞ്ഞാലും അതിന്റെ പത്തയലത്തുപോലും എത്തില്ല....

പൊതി തുറക്കുന്നതും കാത്തു ഒരുപാടു കണ്ണുകൾ കാത്തിരിപ്പുണ്ടാവും , മുട്ടയാണ് ഹീറോ പൊതിയിൽ മുട്ടയുണ്ടെങ്കിൽ പിന്നെ ഒരേസമയം പലകൈകൾ പൊതിയിലേയ്ക്ക് നീളും അവസാനം കൊണ്ടുവരുന്നവന് ഒരു തുണ്ടെങ്കിലും കിട്ടിയാൽ ഭാഗ്യം...പിന്നെ എല്ലാവരും തങ്ങളുടെ ഇലയിൽനിന്നും മറ്റുള്ളവരുമായി ഉള്ളതെല്ലാം പങ്കിട്ടുകഴിക്കും. ഒരു ഇലയിൽനിന്നും ഒരേസമയം രണ്ടും മൂന്നും പേർ ഭക്ഷണം കഴിക്കുന്നുണ്ടാകും. അപ്പോൾ അവിടെ പരന്നൊഴോകുന്നത് അമ്മമാരുടെ സ്നേഹത്തിന്റെ മണമാണ് അതൂട്ടുന്നത് ഒരുപാട് വയറുകളായിരുന്നു. 

ഇന്ന് പലവിധം ആഹാരങ്ങൾ നമ്മുടെ തീന്മേശകളെ അലങ്കരിച്ചിരിക്കുന്നു എന്നാലും അമ്മ പൊതിഞ്ഞു തന്ന പൊതിച്ചോറിനോളം രുചിയുള്ള ആഹാരം ഞാൻ ഇന്നുവരെ ഞാൻ കഴിച്ചിട്ടില്ല.

അമ്മയുടെ, ഉമ്മമാരുടെ , സ്‌നേഹത്തിന്റെ മേമ്പോടി ചേർത്ത മസാലക്കൂട്ടകൾക്കൊപ്പം, സഹപാഠികളുടെ സ്നേഹവും, ഒരുമയും പങ്കിടലുമാകാം പൊതിച്ചോറിനെ ഇത്രയും രുചികരമാക്കുന്നത്.....

ഓർമ്മകളുടെ നിറക്കൂട്ടുകൾക്ക് ഒരേസമയം തന്നെ രുചിയും മണവും പിന്നെ നഷ്ടപ്പെടലിൻറെ ഒരു ഇച്ഛാഭംഗവും    

സൂരജ്

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്