മേഘങ്ങൾ!!!
മേഘങ്ങൾ എന്റെ കൂട്ടുകാരായത് ഞങ്ങൾ പുതുതായി പണികഴിപ്പിച്ച വീട്ടിലേയ്ക്ക് മാറിയതിനുശേഷമാണ്, അപ്പോൾ ഞാൻ ആറിലോ ഏഴിലോ മറ്റോ ആണ് .
വയലിറമ്പിലായിയാണ് പുതിയ വീട് , വീടിന് അതിരിടുന്ന വേലിക്കപ്പുറത്ത് വിശാലമായ നെൽപാടമാണ്, അതങ്ങനെ പച്ച പട്ടുടുത്ത് നീണ്ടു പരിലസിച്ചുകിടക്കുന്നു .പാടത്തി ൻറെ നടുവിലൂടെ പോകുന്ന ഒരു തോടുണ്ട് അത് വിശാലമായ പാടശേഖരത്തിനെ രണ്ടായി പകുക്കുന്നു. തോട്ടിൽ നിറയെ മീനുണ്ട്, പള്ളത്തിയും, സ്വർണ്ണവും വെള്ളിയും നിറങ്ങളോടുകൂടിയ കുറുവയും , കാരി , വരാൽ , കരട്ടി അല്ലെങ്കിൽ ചെമ്പല്ലിക്കൊര , ആമ , നീർക്കോലി, മുശി അങ്ങനെ നിരവധിയായ ജലജീവികളാൽ സമ്പന്നമാണ് ആ ഇട തോട്. തോടിനപ്പുറം പിന്നെയും വയലാണ് അതിന് അതിരിടുന്നത് അപ്പൂപ്പന്റെ തറവാടാണ്.
വയലിന്റെ അങ്ങേയറ്റം നിറയെ മരങ്ങളും തെങ്ങുകളുമാണ്, വലിയ കൊന്നതെങ്ങുകൾ വയലിലേയ്ക്ക് ചാഞ്ഞു നിൽക്കുന്നതുകാണുവാൻ നല്ല രസമാണ്, കൊയ്ത്തു സമയങ്ങളിൽ ആ തെങ്ങിൻറെ ഓലയുടെ അഗ്രങ്ങളിൽ നിറയെ മനോഹരമായ കൂടുകൾ തീർക്കുന്ന കുരുവികളും, അപ്പോൾ തെങ്ങിന്റെ ഓലയുടെ തുമ്പുകൾ നിറയെ തൂക്കണാം കുരുവികൾ നിർമ്മിച്ച കൂടുകളാവും, മനോഹരമായ കൂടുകൾ.
കൂടിന്റെ ഡിസൈനും അതിലുപരി അതിൻറെ വലിപ്പവും പിന്നെ ശക്തിയും ഇപ്പോഴുമെനിക്കൊരു അത്ഭുതമാണ്, അതു മാത്രമല്ല ആ കൂടിനു നല്ല ഉറപ്പും ശക്തിയുമാണ് , അതിനുള്ളിൽ പ്രത്യക അറകളുമുണ്ട് .വളരെ ചെറിയ ഈ കുരുവിക്കെങ്ങനെ ഇത്തരം മനോഹരമായ ഒരു നിർമിതി നടത്തുവാൻ കഴിയുന്നു എന്ന് ചിന്തിക്കുമ്പോഴാണ് നാമൊക്കെ ഈ പ്രകൃതിയിൽ എത്ര നിസ്സാരന്മാരാണ് എന്ന ബോധമുണ്ടാകുന്നത് .
പാടത്തിൽ നിന്നും പറമ്പിലേയ്ക്ക് മണ്ണു ചെരിച്ചു വെട്ടിയുണ്ടാക്കുന്ന ഒരു തിട്ടയുണ്ട് , അതിൽ എത്രനേരം നിന്നാലും മതിയാവില്ല , ആവണിക്കാറ്റിൽ ഇളകിയാടുന്ന നെൽക്കതിർ തുമ്പുകളിൽ പറന്നുവന്നിരിക്കുന്ന പൂത്തുമ്പികൾ
അതുപോലെ തന്നെ വൈകുന്നേരങ്ങളിലും,സന്ധ്യാസമയത് തും വീടിന്മുകളിൽ ടെറസ്സിൽ നിൽക്കുമ്പോൾ കാണുന്ന ആകാശ നീലിമയുടെ മനോഹാരിതയും , പാടത്തിന്റെ ഹരിതാഭമായ ചാരുതയും എത്രനേരം നോക്കിനിന്നാലും മതിയാവില്ല, അങ്ങനെ നിൽക്കുമ്പോൾ സന്ധ്യയാകുന്നതും ഇരുൾ പരക്കുന്നതും നാം അറിയുകയേയില്ല .. പക്ഷേ അപ്പോഴും ആകാശം നീലിമയാൽ പ്രശോഭിതമായിരിക്കും, അപ്പൂപ്പൻ താടി പോലെ നിർമ്മലവും തൂവെള്ള നിറത്തോടും കൂടിയ പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾ എങ്ങും ഒഴുകി നടക്കുന്നുണ്ടാകും
,
ചിലനേരങ്ങളിൽ ചെഞ്ചായം വാരിവിതറി വർണ്ണശബളമായ ആകാശം , ചിലപ്പോൾ നീലിമയുടെയുടെ നിർമ്മലതയിൽ നൃർത്തമാടുന്ന നീലാകാശം ...
അങ്ങനെ എത്രയെത്ര മനോഹരങ്ങളായ രൂപഭാവങ്ങളാണ് ഈ അസ്പർശ്യമായ ദേവാഗനയ്ക്ക്...
സന്ധ്യാസമയങ്ങളിൽ വീടിൻറെ മുകളിൽ അങ്ങനെ ആകാശത്തിന്റെ അഭൗമമായ സൗന്ദര്യവും നുകർന്നുള്ള വിശ്രമം നൽകുന്ന ഊർജ്ജവും ,ശാന്തിയും വളരെ വലുതാണ്. മേഘങ്ങൾ അങ്ങനെ പല രൂപത്തിലും ആകൃതിയിലും ആകാശത്തിലൂടെ അങ്ങനെ ഒഴുകിനടക്കുന്നതു കാണുമ്പോൾ പണ്ടു ഞാൻ അമ്മയിൽ നിന്നും കേട്ടുശീലിച്ചതും , അമർചിത്ര കഥകളിൽ വായിച്ചിട്ടുള്ളതുമായ മഹാഭാരതത്തിലെയും രാമായണത്തിലെയും മറ്റും യുദ്ധ രംഗങ്ങൾ ഒക്കെ ഓർമ്മവരും. അങ്ങനെ ഈ മേഘങ്ങൾ പലപ്പോഴും എന്റെ മുന്നിൽ കുതിരകൾ വലിക്കുന്ന രഥവും, ആനകളുമായി രൂപാന്തരം പ്രാപിക്കും. ആകാശത്തിലെ വർണ്ണ വിസ്മയ കാഴ്ചകളും, അതിൽ നിന്നും ഉരുത്തുരിയുന്ന ഭാവനകളുമായി അങ്ങനെ കിടക്കുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായിരുന്നു . ചിലപ്പോൾ ആ കിടപ്പ് രാത്രി വളരെ വൈകി, അവസാനം അമ്മയുടെ സ്നേഹം കലർന്ന ശകാരത്തിലെത്തിനിൽക്കും.
ഇന്നിപ്പോൾ നാലു ചുവരുകളിൽ എന്റെ കാഴ്ച്ചയും ഭാവനകളും ബന്ധിക്കപ്പെട്ടിരിക്കുന്നു... നാട്ടിലും വയലേലകളും , കൊന്നത്തെങ്ങുകളും , തൂക്കണാം കുരുവിക്കൂടുകളും എങ്ങോ പോയി മറഞ്ഞിരിക്കുന്നു.
ഇന്നും..... എന്നും.... എന്റെ സ്വകാര്യ നഷ്ടങ്ങളിൽ ഇവയ്ക്കു പ്രഥമസ്ഥാനമാണുള്ളത്...അല്ലെങ് കിലും ...എല്ലാവരും ഓട്ടമാണല്ലോ ..കാഴ്ചകൾ കാണുവാനോ, അതിന്റെ ഭംഗി നുകരുവാനോ ആർക്കും സമയമില്ല.... ഓട്ടം തന്നെ ഓട്ടം ..... ഓടിത്തളർന്നു കിടക്കുമ്പോൾ നഷ്ട്ടപ്പെടുത്തിയതിനെകുറിച്ചോ ർത്തു വിലപിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു...അതാണ് ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പശ്ചാത്താപം ....
സൂരജ്
Comments
Post a Comment