ഒരു ചായയും പൊറോട്ടയും
വളരെ വർഷങ്ങൾക്കുമുൻപ് എന്റെ മുന്നിൽ കണ്ട ഒരു അനുഭവമാണ് ,
ഒരിക്കൽ ജോലിയൊക്കെ കഴിഞ്ഞു വീട്ടിലിലെത്തി മകളും ഭാര്യയുമായി ഒന്നു കറങ്ങാനിറങ്ങി, രാവിലെ മുതൽ അടച്ചിട്ട റൂമിനുള്ളിൽ കഴിഞ്ഞിരുന്ന അവരുടെ ഒരു വലിയ ആശ്വാസമായിരുന്നു ഇത്തരമുള്ള ചെറിയ സവാരികൾ.നാലുചുവരുകളിലും, ടി വി യിലും ജീവിതം തളച്ചിടപ്പെടുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ഒരു നേർരേഖ.
കറക്കമെന്നാൽ വലുതായൊന്നുമില്ല, വണ്ടിയുമായി തിരക്കുള്ള റോഡിലൂടെ കുറച്ചുനേരം ഡ്രൈവ് ചെയ്യുക,സിറ്റി സെന്ററിലൂടെ ഒന്ന് റൗണ്ട് ചെയ്യുക , ചിലപ്പോൾ വെളിയിൽ നിന്നും ഭക്ഷണമെന്തെങ്കിലും വാങ്ങി തിരിച്ചു റൂമിലേയ്ക്ക് മടക്കം.
അങ്ങനെയൊരു ദിവസം കറക്കമൊക്കെ കഴിഞ്ഞു, വീട്ടിലേയ്ക്ക് പോകുന്നതിന് മുൻപ് ഭക്ഷണം വാങ്ങുവാനായി ഓഡറെല്ലാം നൽകി ഞാൻ കാഷ്യറിന്റെ അടുക്കൽ നീൽക്കുകയായിരുന്നു അപ്പോൾ ഒരാൾ കടയിലേക്ക് കടന്നു വന്നു കാഴ്ചയിൽ തന്നെ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ട്, എങ്ങനെ ക്ഷീണിക്കാതെയിരിക്കും അതുപോലത്തെ ചൂടല്ലേ വെളിയിൽ, മുഷിഞ്ഞ വേഷം, അലസമായ പ്രകൃതം.
കടയിലെ വൈറ്റർ അയാളുടെ അടുക്കലേക്കു വന്നു
"കഴിക്കാനെത്താണ് ?" അയാൾ ചോദിച്ചു ബംഗാളി കലർന്ന ഹിന്ദിയിലാണ് ചോദ്യം
വെയ്റ്റർ അവിടെകഴിക്കാനുള്ള സാധനങ്ങളുടെ വിവരങ്ങൾ പറഞ്ഞു
ചിക്കൻ വിഭവങ്ങൾ , മട്ടൺ വിഭവങ്ങൾ, ബീഫും പിന്നെ വെജിറ്റബിൾ കറികളും
പിന്നെ അപ്പം , പൊറോട്ട പിന്നെ ചപ്പാത്തിയും
ചിക്കൻ കറിക്ക് എന്താണ് വില ? ആഗതൻ ചോദിച്ചു
വെയ്റ്റർ വിലപറഞ്ഞു ,
വെജിറ്റബിൾ കറിയെ കുറിച്ചായി പിന്നീടുള്ള ചോദ്യം .
അതിന്റെയും വില വെയ്റ്റർ പറഞ്ഞു
പിന്നെ ചായയുടെയും പൊറോട്ടയുടെയും വിലയെക്കുറിച്ചായി ചോദ്യം
വെയ്റ്റർ അതും പറഞ്ഞുകൊടുത്തു , പക്ഷെ വൈറ്ററുടെ മുഖത്ത് ഒരു ദേഷ്യഭാവം തെളിഞ്ഞു വരുന്നുണ്ടായിരുന്നു .
പെട്ടന്ന് കീശയിൽ നിന്നും കുറച്ചു നാണയത്തുട്ടുകൾ പെറുക്കിയെടുത്തു അയാൾ ഓർഡർ പറഞ്ഞു.
"ഒരു ചായയും പൊറോട്ടയും ..."
ഒരു നിമിഷത്തെ നിശബ്ദതയിൽ വൈറ്ററുടെ മുഖത്തെ ഈർഷ്യ ദയയ്ക്കു വഴിമാറി, അതൊന്നും പക്ഷെ ആഗതനിൽ ഒരു ഭാവമാറ്റവും വരുത്തിയില്ല
വെയ്റ്റർ ഓര്ഡറെടുത്തു തിരികെ "ഒരു ചായയും പൊറോട്ടയുമായി വന്നു
അയാൾ പൊറോട്ട അൽപ്പാൽപ്പമായി ചായയിൽ മുക്കി സ്വാദോടെ ഭക്ഷിക്കുന്നു, ഒരു നിമിഷം എ വൈറ്ററും വളരെ ദയനീയതയോടെ അത് നോക്കി നിൽക്കുന്നു
അപ്പോൾ , കാഷ്യറുടെ ടേബിളിൽ നിന്നും " ആ ടേബിൾ ഒന്നു ക്ളീനാക്കികൊടുക്കൂ"
അവിടെ നോക്കിയപ്പോൾ 'നിറയെ ഭക്ഷണം , ആവിശ്യത്തിലുമധികം വാങ്ങി പാഴാക്കി കഴിഞ്ഞിരിക്കുന്നു"
അതൊന്നും ശ്രദ്ധിക്കാതെ ഇപ്പുറത്തെ ഒരു കസേരയിൽ ഒതുങ്ങിയിരുന്ന് അയാൾ തന്റെ പൊറോട്ടയും ചായയും ആസ്വദിച്ച് കഴിക്കുന്നു
അപ്പോഴേയ്ക്കും എൻറെ പാഴ്‌സൽ വന്നു ഞാൻ അതുമായി പതിയെ എൻറെ വണ്ടിക്കു സമീപത്തേക്കു നടന്നു, അറിയാതെ ഒന്ന് തിരിഞ്ഞു നോക്കി
അയാൾ അപ്പോഴും മറ്റൊന്നും ശ്രദ്ധിക്കാതെ തന്റെ ഭക്ഷണം കഴിക്കുകയായിരുന്നു ....
നമുക്കു ചുറ്റിലും ഒരുപാടൊരുപാട് മനുഷ്യരുണ്ട്, ജീവികളുണ്ട് , ചേതനവും അചേതനവുമായ അനേകായിരം വസ്തുക്കളുണ്ട് അവയിൽ ജീവിതമുണ്ട്, സങ്കടങ്ങളുണ്ട്, സന്തോഷമുണ്ട് , നിരാശയുണ്ട് , പ്രതീക്ഷകളുണ്ട് , കഥകളും കവിതകളുമുണ്ട് , സംഗീതമുണ്ട് സൗന്ദര്യമുണ്ട് .....
എല്ലാറ്റിലും പ്രധാനം "കാഴ്ചകൾ കാണുക , അനുഭവിക്കുക,ആസ്വദിക്കുക" എന്നതാണ് .... അർത്ഥമില്ലാത്ത വേഗവും തിരക്കും നമുക്ക് നഷ്ടപ്പെടുത്തുന്നത് ...ഭൂമിയിലും, ആകാശത്തിലും നമുക്കുചുറ്റിനും കാത്തു വെച്ചിരിക്കുന്ന അറിവിന്റെയും , അനുഭവങ്ങളുടെയും , പുതിയതും മങ്ങിയതും, തിളക്കമുള്ളതുമായ ഒരു അത്ഭുതലോകമാണ്.....
സൂരജ്
Comments
Post a Comment