മേഘാവൃതമായ ഒരവധിക്കാലം!

ഒരു ദിവസം മുഴുവൻ നീണ്ട നിന്ന ജോലിയുടെയും പിന്നെ ആകാംക്ഷാഭരിതമായ നീണ്ട യാത്രയുടെയും ക്ഷീണത്തിനൊടുവിൽ ഒരു സുഖ നിദ്ര.. കുഞ്ഞുങ്ങളുടെ ബഹളമാണ് നിദ്രയ്ക്കു ഭംഗം വരുത്തിയതു, വീണ്ടും ആലസ്യത്തിൽ മുഴുകി കുറച്ചുനേരം കൂടി, ഒടുവിൽ ഇളയ മകളുടെ സ്നേഹവാത്സല്യങ്ങൾ നിമിത്തം കിടക്കയിൽ നിന്നും എഴുനേറ്റിരുന്നു. പതിയെ ദിനചര്യകളിലെയക്ക്‌ മുഴുകി , അമ്മാമ്മ തന്ന ചായ വീണ്ടുമൊരു ഉണർവിലേയ്ക്കു എന്നെ ഉണർത്തി, ചായ കുടിയും പത്രപാരായണവും കഴിഞ്ഞു വീടിന്റെ ഉമ്മറത്തു കുറച്ച്നേരം , പുറത്തെ മരങ്ങളുടെ ഇലച്ചാർത്തുകളിൽ അപ്പോഴും തലേന്നു പെയ്തു തോർന്ന മഴത്തുള്ളികൾ തങ്ങി നിൽപ്പുണ്ട് , അവയിൽ സൂര്യപ്രകാശം പതിക്കുമ്പോൾ ജലകണങ്ങൾ വജ്ര ശോഭയോടെ വെട്ടിത്തിളങ്ങുന്നു, അതിനിടയിൽ അസൂയ പൂണ്ടൊരു ചെറു കാറ്റ് എവിടെനിന്നോ വന്നു ഇലത്തുമ്പിൽ  ഊഞ്ഞാലാടി നിന്ന ജലകണങ്ങളെ തള്ളി താഴെയിട്ടു. അപ്പോഴെല്ലാം നിഴലായി ഭാര്യകൂടെയുണ്ട്. പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞു,ഞാൻ ഇപ്പോഴുള്ളത് എന്റെ ഭാര്യയുടെ വീട്ടിലാണ്പതിയെ ഞങ്ങൾ  എന്റെ വീട്ടിലേയ്ക്കു പുറപ്പെടുവാൻ തയ്യാറായി. .

സാധനങ്ങളെല്ലാം കാറിനുള്ളിൽ കയറ്റി അച്ഛനോടും അമ്മാമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ എൻറെ വീട്ടിലേക്കു തിരിച്ചു,ഇത്രയും ദിവസം അവിടെ ബഹളമായിരുന്നു, ഇനി കുട്ടികൾ തിരിച്ചുവരും വരെ ഈ വീടുറങ്ങും . മഴ പെയ്തു തോർന്നതിനാൽ, വണ്ടിയുടെ ചില്ലുകൾ താഴ്ത്തിയാണ് യാത്ര, മുഖത്തെയക്കു തണുത്ത കാറ്റടിച്ചപ്പോൾ എല്ലാ ക്ഷീണവും അകന്നു, മനസ്സിലും ശരീരത്തിലും ഉന്മേഷം നിറഞ്ഞു. യാത്രയുടെ തുടക്കത്തിൽ കല പിലാ ചിലച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾ പതിയെ പതിയെ ഉറക്കത്തിലേയ്ക്കു വീണു, അപ്പോഴേക്കും കാർ നഗരഹൃദയം പിന്നിട്ടിരുന്നു.വഴിയരികിലെ വാകപ്പൂക്കളെല്ലാം മഴയേറ്റ്‌ കൊഴിഞ്ഞിരുന്നു, എങ്കിലും പല മരങ്ങളിലും ഇപ്പോഴും കുറച്ചുപൂക്കളെല്ലാം അവശേഷിച്ചിരുന്നു.ഇടക്കെപ്പോഴോ മഴയും വിരുന്നുവന്നു.വണ്ടി പതിയെ കൊല്ലം കഴിഞ്ഞു അപ്പോഴേയ്ക്കും അമ്മയുടെ വിളിയുമെത്തി, കുറച്ചു സമയത്തിനുള്ളിൽ എത്തുമെന്നുപറഞ്ഞു പിന്നെയും യാത്ര തുടർന്നു. അപ്പോഴേക്കും കുട്ടികൾ ഉറക്കമുണർന്നു തുടങ്ങി. പിന്നെ സ്ഥിരമായുള്ള ചോദ്യം 

" അച്ഛാ കരുനാഗപ്പള്ളി എത്തിയോ? "

"ഇല്ല " എന്റെ ഉത്തരം 

"ഇനി എത്ര സമയമെടുക്കും "

"അരമണിക്കൂർ" എന്റെ ഉത്തരം 

"അര മണിക്കൂർ എന്നുവച്ചാൽ എത്രയാണ്"

പിന്നീട് വീടെത്തുന്നതുവരെ  ചോദ്യങ്ങൾ  അങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

ഇടപ്പള്ളിക്കോട്ട കഴിഞ്ഞു പതിയെ കരുനാഗപ്പള്ളി എന്ന ബോർഡ് കാണുമ്പോൾ തന്നെ എന്റെയുള്ളിൽ  ഒരു വല്ലാത്ത ഉണർവാണ് , കാറു പതിയെ കന്നേറ്റി പാലം കഴിഞ്ഞു വീണ്ടും മുന്നോട്ട്, അപ്പോൾ അറിയാതെ എന്റെ കണ്ണുകൾ എപ്പോഴും കരോട്ടു ജംഗ്ഷനിലുള്ള പഴയ അബ്ബാ എന്ന ഞങ്ങളുടെ യൗവ്വന കാലത്തെ എല്ലാ കുസൃതികൾക്കും സാക്ഷ്യം വഹിച്ച ഒറ്റ മുറി കടയിലേക്കു നീളും, ഇപ്പോളവിടെ മറ്റേതോ കടയാണ് എന്നാലും അവിടെ ഞങ്ങളുടെ പഴയ രൂപങ്ങൾ ഇപ്പോഴുമെനിക്കു കാണാനാകും, പിന്നെ ലാലാജി  ജംഗ്ഷനും കടന്നു കരുനാഗപ്പള്ളിയുടെ ഹൃദയത്തിലേക്കു കടക്കുമ്പോൾ , എന്റെ കണ്ണുകൾ വെളിയിൽ എന്റെ കൂട്ടുകാരെ തിരയും, കാണുന്നവരോട് പോയിട്ടു വരാമെന്നു പറഞ്ഞു ഇരട്ടി സന്തോഷത്തോടെ വീട്ടിലേയ്ക്ക്, വണ്ടി ഹൈവേയിൽ നിന്നും സിവിൽ സ്റ്റെഷനു മുന്നിൽ നിന്നും   വീട്ടിലെയ്ക്കു  തിരിയുന്ന വഴിയെത്തുമ്പോൾ തന്നെ കുട്ടികൾ ബഹളം തുടങ്ങും.

"അച്ചാമ്മച്ചിയുടെ വീടെത്തി" 

റോഡിൽ നിന്നും വീട്ടിലേയ്ക്കു തിരിയുമ്പോൾ പതിവുപോലെ മുന്നിലെ വാതിലുകൾ മലർക്കെ തുറന്നിട്ടിട്ടുണ്ടായിരുന്നു, വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മ ഓടി വന്നു,

"അമ്മേ   പതുക്കെ സൂക്ഷിച്ച് ...." ഞാൻ പറഞ്ഞു 

അമ്മയോടൊപ്പം തന്നെ വീട്ടിലെ രണ്ടു വളർത്ത്  നായ്ക്കളും ഉണ്ട്, കുട്ടികൾ അവയെ കണ്ടു ബഹളവും തുടങ്ങി !!

"അച്ചാമ്മാച്ചി കിച്ചുവിനോടും ജാക്കിയോടും ‌ പോകാൻ പറ " അതാണ് നായ്ക്കളുടെ പേരുകൾ 

അതു  കേട്ടിട്ടു അമ്മ ഒരു വടിയെടുത്തു രണ്ടു നായ്ക്കളെയും ഓടിച്ചു വിട്ടു, എന്നാലും അതുങ്ങൾ അവിടിവിടെ ചുറ്റിത്തിരിഞ്ഞു നടക്കും , ഗേറ്റിൽ വച്ചു തന്നെ കുട്ടികൾ രണ്ടുപേരും വണ്ടിയിൽ നിന്നുമിറങ്ങി  അമ്മയുടെ കയ്യിൽത്തൂങ്ങി വീടിനുള്ളിലേയ്ക്കും പോയി 

വീട്ടുമുറ്റമിപ്പോൾ ടൈൽ പാകിയിരിക്കുന്നു ,പതിയെ ഞാൻ കാർ വീട്ടു മുറ്റത്തെ ചാമ്പ മരത്തണലിൽ നിറുത്തി, ഭാര്യയും വണ്ടിയിൽനിന്നുമിറങ്ങി വീടിനുള്ളിലേയ്ക്ക് പോയി,

ഞാൻ വണ്ടിയുടെ ഗ്ലാസ്സുകൾ താഴ്ത്തി കണ്ണുകള അടച്ചു കുറച്ചു നേരം  വണ്ടിയിൽ തന്നെ ഇരുന്നു, പുറത്തപ്പോൾ ഒരിളം കാറ്റുവീശുന്നുണ്ടായിരുന്നു , നാടിന്റെ കുളിർമയും ശാന്തതയും  പതിയെ ഞാൻ  എന്റെ ആത്മാവിലേയ്ക്കാവാഹിക്കുകയായിരുന്നു. അപ്പോഴും ഒരു നഷ്ടബോധമായി മുറ്റത്തെ പഞ്ചസാരമണൽ എന്നിൽ നിറഞ്ഞു നിന്നു, കുറച്ചു നാളുകൾക്കു മുൻപാണ് ഇളയ സഹോദരൻ മോടി കൂട്ടുവാനായി തൂ വെള്ള പഞ്ചസാര മണലുകൾക്ക്മുകളിലായി പുതിയ രീതിയിലുള്ള ടൈൽ നിരത്തിയത്‌, അതു പുതിയ ഫാഷൻ ആണത്രേ . നിറം പൂശിയ നിർജീവമായ കല്ലുകൾ മൂടിയതെന്നുടെ നിറമുള്ള  ഗൃഹാതുരമായ ബാല്യ കൌമാര ഓർമ്മകളും, മണ്‍മറഞ്ഞ തലമുറകളുടെ കാൽപ്പാടുകളുമായിരുന്നു.ആ മണ്ണിലൂടെ നടക്കുമ്പോൾ  ഒരു വല്ലാത്ത ഊർജജമായിരുന്നു, ബാല്യത്തിൽ ഒരു കവർ ചെറിയ മുട്ടായിമായി ഞങ്ങളെ കാണുവാൻ വന്നിരുന്ന അപ്പാപ്പനും, പതിയെ നടന്നു വരുന്ന അമ്മാമ്മയും, അമ്മുമ്മയും. പിന്നെ ഒരുപാടു  തവണ പെയ്തിറങ്ങിയ കർക്കിടകവും, ഇടവപ്പാതിയും, അതവശേഷിപ്പിക്കുന്ന വെള്ളക്കെട്ടിൽ നടത്തിയിരുന്ന ബാല്യ കൌമാര വികൃതികളും. ആ മണൽത്തരികൾ എന്നിൽ നിറയ്ക്കുന്ന അമൂല്യമായ പ്രസരിപ്പും,ഞങ്ങളുടെ കുട്ടിക്കാലത്തെ എല്ലാ വികൃതികൾക്കും  സാക്ഷിയായിരുന്ന എത്രയോ ഓർമകളായിരിക്കും  ആ പഞ്ചസാര മണകൾത്തരികൾക്കു പറയുവാനുണ്ടാകുക . പ്രവാസ ലോകത്തിന്റെ നാലു ചുവരുകൾക്കിടയിൽ തടവിലാക്കപ്പെട്ട എന്റെ മക്കളെ  അതുകൊണ്ടു തന്നെ ഞാൻ എപ്പോഴും  മുറ്റത്തു കളിക്കുവാൻ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. അനേകമനേകം ഓർമ്മകളുടെ  നിത്യ വിസ്മയമായ ആ മണൽ പരപ്പിനു മീതെയാണ് ഇപ്പോൾ ടൈലുകൾ  പാകിയിരിക്കുന്നത്.

"എന്താ ഇറങ്ങുന്നില്ലേ? ഇവിടെത്തന്നെ ഇരിക്കനാണോ പ്ലാൻ" , ഭാര്യയുടെ ചോദ്യമാണ് എന്നെ വർത്തമാനകാലത്തിലേയ്ക്ക് വീണ്ടുമുണർത്തിയത്,

അപ്പോഴും കാറിനു വെളിയിൽ അക്ഷമരായി നായ്ക്കൾ എന്നെയും കാത്തു നിൽപ്പുണ്ട്, കാറിനു വെളിയിലിറങ്ങി അവയോടു കുശലം ചോദിക്കാതെയും , സ്നേഹത്തോടെ തലോടാതെയും എനിക്കു വീട്ടിലേയ്ക്കു പ്രവേശനം സാധ്യമല്ല, പതിയെ അവയെ സമാധാനിപ്പിച്ചു ലാളിച്ചതിനും ശേഷം പതിയെ, ഞാനും ഭാര്യയും കൂടി ലഗ്ഗേജുകൾ ഓരോന്നായി എടുത്തു വീടിന്റെ തിണ്ണയിലേക്ക് വയ്ച്ചു, ഷൂഷൊക്കെ അഴിച്ചു ഞാൻ വീടിനുള്ളിലെയ്ക്കു  കയറി,

അവിടെ ദീവാനിൽ വിടർന്ന കണ്ണുകളുമായി എന്റെ അച്ഛൻ.ഞാൻ പതിയെ അച്ഛന്റെ അടുത്തെത്തി, വിറയാർന്ന കൈകളാൽ അച്ഛൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു, ആ കണ്ണുകൾ അപ്പോൾ സജലങ്ങളായിരുന്നു, കൈയ്യുകൾ വിടുവിച്ച്‌ ഞാൻ അച്ഛന്റെ മൂർധാവിൽ  എൻറെ സ്നേഹ ചുംബനം നൽകിയപ്പോൾ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി അച്ഛൻ എന്നെ ചേർത്തു നിറുത്തി ഏങ്ങലോടെ കരഞ്ഞു, എന്റെ അവസ്ഥയും വിഭിന്നമായിരുന്നില്ല !! കഴിഞ്ഞ പ്രാവിശ്യം ഞങ്ങൾ പോയതിനു  ശേഷം അച്ഛനു വന്ന അസുഖം അച്ഛന്റെ ചലന ശേഷിയെ ബാധിച്ചിരുന്നു, അതിനോടൊപ്പം മറവിയും കുറച്ചു കൂടുതലായി .

അച്ഛന്റെ അരുകിൽ കുറച്ചു നേരം ഇരുന്നതിനു ശേഷം, അമ്മ തന്ന ചായയും കുടിച്ചു ഓരോരോ നാട്ടു വിശേഷവും വീട്ടു വിശേഷവും പറഞ്ഞിരുന്നു. അതിനിടയിൽ അച്ഛൻ ഗൾഫിലുള്ള ഓരോരുത്തരേയും കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു,അനുജന്മാർ ഒക്കെ എന്നുവരും എന്നും മറ്റുമായി സംസാരം നീണ്ടുപോയി , മറവി കാരണം അച്ഛൻ വീണ്ടും വീണ്ടും ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു, ഇതിനിടയിൽ അച്ഛൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്റെ ഭാര്യയെ കളിയാക്കുന്നുമുണ്ടായിരുന്നു. അതങ്ങനെയാണു കല്യാണം കഴിഞ്ഞ നാളുമുതൽ അച്ഛൻ അവളെ കളിയാക്കാറുണ്ട്‌,ചിലതൊക്കെ അവളെ വേദനിപ്പിക്കാറുമുണ്ട്, പക്ഷെ അവൾക്കറിയാം അച്ഛൻ ഒരിക്കലും അവളെ വേദനിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല എന്ന് , അത് അച്ഛന്റെ ഒരു സ്നേഹ പ്രകടനമാണ്, അതിനുള്ള ഭാഗ്യവും അവൾക്കു മാത്രമാണ് കിട്ടിയത്.ഇടയ്ക്കൊക്കെ കുട്ടികളെ അടുത്തുവിളിച്ചു സ്നേഹത്തോടെ തലോടി ചേർത്തു നിർത്തുന്നുണ്ട്.

പതിയെ പതിയെ ഞാൻ എൻറെ വീടിൻറെ,ശാന്തിയിൽ,സ്വഛചതയിൽ,നിർമലതയിൽ പിന്നെ ഒരിക്കലും മറക്കാത്ത  കഴിഞ്ഞ കാലത്തിലെ ഓർമകളുടെ അക്ഷയഘനിയലേക്കും ല യിച്ചു ചേർന്നു, ഉമ്മറത്തെ ചാരുകസാരയിൽ കണ്ണടച്ചു കിടന്നപ്പോൾ നഷ്ട്ടപെട്ട വർഷങ്ങൾ ക്ഷണ വേഗത്തിൽ തിരിഞ്ഞു നടന്നു,പതിയെ വീശുന്ന കാറ്റിനും, മരച്ചില്ലകളിൽ കലപില ചിലയ്ക്കുന്ന വണ്ണാത്തി കിളികൾക്കും , അണ്ണാറക്കണ്ണനും അപ്പോഴെന്നോടു  കഴിഞ്ഞ പോയ  കുറച്ചുകാലത്തെ വിശേഷങ്ങൾ പറയുകയായിരുന്നു , പിന്നെ വാക്കുകളാൽ വരച്ചുകാട്ടുവാൻ കഴിയാത്ത ഒരുപാട് നിർവ്രതികളും, ഇതെല്ലാം കൂടി എന്നിലേക്ക് ഊർജത്തിന്റെ ഒരു മഹാ സാഗരം തന്നെ എത്തിച്ചു.

അപ്പോഴേക്കും ഊണു വിളമ്പി അമ്മ വന്നു വിളിച്ചു, എനിക്ക് വളരെ പ്രിയപ്പെട്ട വിവിധതരം കറികളോടൊപ്പം സമൃദ്ധമായ ഭക്ഷണം, അതിനു ശേഷം ചാരുകസേരയിൽ  അല്പം മയക്കം,  അതു മയക്കമാണോ? അല്ല ഓര്മകളുടെ വളപ്പോട്ടുകളുടെ ഇടയിലൂടെ ഒരു സ്വപ്ന സഞ്ചാരമായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി, അതിലെൻ ബാല്യ കൌമാര യൗവ്വന കാലഘട്ടങ്ങളുടെ  നിറപകിട്ടാർന്ന ഭൂതകാലത്തിലൂടെ ഒരു തിരിഞ്ഞു പോക്ക്‌. കൊന്നപ്പത്തലുകൾ നാട്ടിയ  വീട്ടതിരിനുമപ്പുറം വിശാലമായ ഹരിതാഭമായ നെൽവയലുകളും, വയലുകൾക്കു നടുവിലൂടെ നിർമലമായി ഒഴുകുന്ന ഇടത്തോടും തോടിനപ്പുറം വീണ്ടും കണ്ണിനിമ്പമാർന്ന നെൽ വയലുകളും, അതിനുമപ്പുറം വയലേലകൾക്ക് അതിരിട്ടു ഉയരത്തിൽ വളർന്നു നിൽക്കുന്ന കൊന്നതെങ്ങുകളും. നെൽപ്പാടങ്ങൾ, നെൽകതിരുകളാൽ  സ്വർണശോഭയണിയുമ്പോൾ തെങ്ങോലതലപ്പുകളിൽ നിറയെ തൂങ്ങിയാടുന്ന തൂക്കണാംകുരുവികൂടുകളും.ഓർമയുടെ, ഒരിക്കലും,വറ്റാത്ത അക്ഷയ ഖനിയിലൂടെ അങ്ങനെ ഇടതടവില്ലാതെ യാത്ര ചെയ്യുമ്പോൾ മഴ, മഴയെന്ന കുട്ടികളുടെ ഉറക്കെയുള്ള ശബ്ദമാണ് എന്നെ ഇന്നിന്റെ വരണ്ട യാഥാർത്യങ്ങളിലേക്ക് തിരികെ എത്തിച്ചത്,
 
അപ്പോഴും എന്റെ മനസ്സിനു  ഓർമകളുടെ തീർഥാടനങ്ങളിൽ നിന്നും മടങ്ങി വരുവാൻ ഒട്ടും ആഗ്രഹമില്ലായിരുന്നു . ഒരിക്കലും തിരിച്ചുവരാത്ത ഓർമ്മകളുടെ ഒരു പൂക്കാലം, കാലമെന്ന വലിയ കലാകാരൻ എൻറെ ഓർമകളുടെ കാൻവാസിൽ കോറിയിട്ട ചേതോഹരമായ ഓർമ്മചിത്രം.

ഞാനെപ്പോഴും ആലോചിക്കും , ഞങ്ങൾ നടന്നു കയറിയ മനോഹരമായ ആ ബാല്യകാലം എങ്ങനെ എൻറെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകും. നാലു ചുവരുകളുടെ ബന്ധനത്തിൽ  തടവിലാക്കപ്പെട്ട  ബാല്യങ്ങൾ. ചെറിയ ഒരു ചാറ്റൽ മഴ കണ്ടു അത്ഭുതത്തോടെ  അതിലേറെ ആനന്ദത്തോടെ തുള്ളിച്ചാടുന്ന എൻറെ മക്കൾ, അവർക്ക് ഞാൻ എങ്ങനെ പറഞ്ഞുകൊടുക്കും , മഴയിലാറാടിയ, കിളികളോടും, മരങ്ങളോടും, പ്രകൃതിയോടും കൂട്ട് കൂടിയ ഒരു വസന്തകാലം,പൂത്തുലഞ്ഞ ഒരു സമ്പൂർണ്ണ ബാല്യകാലത്തിനെകുറിച്ച് അതു പകർന്നു നൽകിയ ആത്മ വിശ്വാസത്തെ കുറിച്ചും, ജീവിത്തിന്റെ ശേഷ കാലത്തിൽ അതു പകർന്നു നൽകുന്ന ഉന്മേഷത്തെ കുറിച്ചും ..ഇല്ല, കഴിയില്ല .. അറിയാവുന്നതൊന്നുമാത്രം  പുതു തലമുറകളുടെ നഷ്ടത്തിൻറെ ആഴത്തെ കുറിച്ചു മാത്രം. അതു  നിങ്ങളുടെ നഷ്ടമാണ് കുഞ്ഞുങ്ങളെ, ഒന്നിനും പകരം വയ്‌ക്കാനാവാത്ത ഏറ്റവും വലിയ നഷ്ടം.
 
"അച്ഛാ  വരൂ മഴ നനയാം" കുട്ടികൾ മഴ കണ്ട സന്തോഷത്തിൽ ആർത്തുവിളിച്ചുകൊണ്ടേയിരുന്നു, കൂടെ മഴയിൽ കളിക്കുവാനായി എന്നെയും കൂട്ട് വിളിച്ചു കൊണ്ടിരുന്നു 
 
അവരുടെ സന്തോഷത്തിനായി ഞാനും കുട്ടികളോടൊപ്പം മഴയിലേക്കിറങ്ങി, പിന്നിൽ നിന്നും ഭാര്യുടെ ആകുലത നിറഞ്ഞ ഓർമപ്പെടുത്തൽ
 
 " പനി വരും"
 
"സാരമില്ല, പനിയൊന്നും വരില്ല" എൻറെ ഉത്തരം, അത് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു,
 
നാട്ടിൽ വരുന്നതു തന്നെ മഴ നനയാനും, അച്ചാമ്മയോടൊപ്പം നടക്കാനും, അപ്പൂപ്പൻറെ കൂടെ കിളികൾക്ക് ഭക്ഷണം നല്കാനും, ബൈക്കിൽ സഞ്ചരിക്കാനും മറ്റുമാണു, അവരുടെ ആ പരിമിതമായ അവകാശങ്ങളെങ്കിലും നടത്തിയില്ലെങ്കിൽ അതു കഷ്ടമാണ്. അതിനുവേണ്ടി തന്നെയാണ് ഓരോ വർഷവും, ജയിൽ പുള്ളികൾക്ക്  പരോൾ അനുവദിക്കുന്നതുപോലെ അവർ ആസ്വദിക്കുന്നത്  , നാട്ടിൽ വരുന്ന ഈ സമയത്തു മാത്രമാണ്  അവർ സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമെടുക്കുന്നത്..
 
അതിനാൽ തന്നെ നാട്ടിലെ അവധിക്കാലം കുട്ടികളെ സoബന്ധിച്ചോളം വർണാഭമായ ഋതു കാലം പോലെയാണ്‌,ഒരു ചെറിയ മഴചാറ്റൽ പോലും അവർക്കു ആഘോഷമാണ്. 
 
ഇതെല്ലാം കണ്ടു അച്ഛൻ അകത്തെ ദീവനിൽ കിടക്കുന്നുണ്ട്.
 
ഇടക്കൊക്കെ അച്ഛനു ചെറിയ നെഞ്ചുവേദന വരാറുണ്ട്‌ എന്ന് അമ്മ പറഞ്ഞു അതിനാൽ, പിറ്റേ ദിവസം തന്നെ ഞങ്ങൾ അടുത്തുള്ള ഒരു ആശുപത്രിയിൽ അച്ഛനെ കാണിച്ചു, അവർ പറഞ്ഞതു
 
 " ബ്ലോക്കുകൾ ഉള്ളതു കൊണ്ടാണ് ഇടക്കു നെഞ്ചുവേദന വരുന്നത്" അച്ഛന്റെ ആരോഗ്യം ഓപ്‌റേഷനു അനുകൂലമല്ല അതിനാൽ മരുന്നു കൊടുക്കുക മാത്രമാണ് പോംവഴി, എന്നാലും എന്തെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടെങ്കിൽ  കൊണ്ടുവരാനും നിര്ദേശം നൽകി.
 
അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നു പോയി, പലപ്പോഴും യാത്രയും മറ്റുമായി തിരക്കിലായിരുന്നു. എല്ലായിപ്പോഴത്തെയും പോലെ പറ്റുന്ന എല്ലാ സ്ഥലത്തും ഞങ്ങൾ, അച്ഛൻ, അമ്മ പിന്നെ ഞാനും ഭാര്യയും മക്കളുമായിട്ടായിരുന്നു യാത്രകൾ, അതിൻറെ സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ്.എപ്പോഴും ഞാൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.
 
ഒരുദിവസം അമ്മയും, ഭാര്യയും കൂടെ പുറത്തു പോയപ്പോൾ ഞാനും അച്ഛനോടൊപ്പം ഉച്ചമയക്കത്തിനായി കിടന്നു.അച്ഛൻ അപ്പോൾ ഓരോന്നെല്ലാം ചോദിച്ചുകൊണ്ടെയിരുന്നു, പലപ്പോഴും ഒരേ ചോദ്യം തന്നെ പലവുരു ചോദിക്കുന്നുണ്ടായിരുന്നു, അപ്പോഴെല്ലാം ഞാൻ പതിയെ അതിനു മറുപടി നൽകുന്നുണ്ടായിരുന്നു. ഇടയ്ക്ക്‌ എൻറെ തലയിൽ തലോടി മുടിയെല്ലാം പൊഴിഞ്ഞു പോകുന്നതിനേയും, നരക്കുന്നതിനെയും കുറിച്ചു വേവലാതി പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു
 
" പ്രായമായി അതിനാലാണ് മുടി കൊഴിയുന്നതും നരയ്ക്കുന്നതും"

എല്ലാ മാതാപിതാക്കന്മാരെപോലെ അച്ഛനും അതുൾക്കൊള്ളുവാൻ കഴിഞ്ഞില്ല, അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ചുകൊണ്ടു കിടന്നു,പതിയെ എപ്പൊഴൊ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു, അപ്പോഴും എൻറെ ഒരു കൈ അച്ഛനെ സ്പർശിച്ചിരുന്നു, അച്ഛൻ ഒറ്റയ്ക്ക് എഴുനേൽക്കാതിരിക്കാൻ വേണ്ടിയായിരുന്നു  അത് ,അച്ഛന്റെ ഒരു ചെറു അനക്കം പോലും ഞാൻ അറിഞ്ഞിരുന്നു.എപ്പോഴോ ഞാൻ കണ്ണു തുറന്നപ്പോൾ എന്നെ ത്തന്നെ സേനഹ വാത്സല്യത്തോടെ നോക്കി കിടക്കുന്ന അച്ഛനെയാണ് കണ്ടത്, അപ്പോഴും എൻറെ കൈകൾ അച്ഛനെ തൊട്ടിരുന്നു.
 
"അച്ഛനുറങ്ങിയില്ലേ " ഞാൻ ചോദിച്ചു 
 
"ഓ.. ഇല്ല,  ഉറക്കം വന്നില്ല " അച്ഛൻ മറുപടി പറഞ്ഞു 
 
"നീ എന്നാണ് അമ്മയെ കൊണ്ടുപോകുന്നത്?" അച്ചന്റെ പെട്ടന്നുള്ള ചോദ്യം, അതെന്നിൽ അത്ഭുതമുളവാക്കി .
 
"എവിടെ " തല ഉയർത്തി അച്ഛനെ നോക്കി ഞാൻ ചോദിച്ചു 
 
"ദുബായിൽ" അച്ഛൻ മറുപടി പറഞ്ഞു   
 
"അതിന് അമ്മയെ കൊണ്ടുപോകുന്നില്ലല്ലോ' എൻറെ മറുപടി 

കുറച്ചുനേരത്തെ നിശബ്ദതക്കു ശേഷം അച്ഛൻ അതേ ചോദ്യം വീണ്ടും ആരാഞ്ഞു 
 
"അമ്മ ദുബായിൽ പോയാൽ ഇവിടെ ആരാ, ആരു അച്ഛനെ നോക്കും  അതുകൊണ്ട് അമ്മ എങ്ങും പോകില്ല" ഞാൻ പറഞ്ഞു 
 
"ഓ.... അതൊന്നും സാരമില്ലെടാ ...ഞാൻ ഇങ്ങനെയോക്കെ അങ്ങു പോകും" അലസമായ് അച്ഛന്റെ മറുപടി 
 
കുറച്ചു നേരത്തേയ്ക്ക് നിശബ്ദത, ഞാൻ തല ഉയർത്തി നോക്കി, അച്ഛൻ ശാന്തമായി മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി കിടക്കുന്നു  ,ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല, ഒരു ദീർഘ നിശ്വാസത്തോടെ അച്ഛന്റെ നരവീണ മുടിയിഴകളിൽ തഴുകികൊണ്ടേയിരുന്നു ... ഉള്ളിലെവിടെയോ ഒരിറ്റു രക്തം കിനിഞ്ഞ പോലെ. തൂ വെള്ള, ഉടയാത്ത ഖദർ ഷർട്ടും  മുണ്ടും ധരിച്ച് പ്രൌഡ  ഗംഭീരനും ഊർജസ്വലനും മായിരുന്ന എൻറെ അച്ചന്റെ ഇപ്പോഴത്തെ ശാരീരികാവസ്ഥ എന്നെ സംബധിച്ചു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. സ്നേഹിക്കാനും,സഹായിക്കാനും എന്തും വളരെ ധീരമായി നേരിടുന്ന ആളുമായിരുന്നു അച്ഛൻ,എന്നാലിപ്പോൾ ഒരാളിൻറെ സഹായമില്ലാതെ അച്ഛനു നടക്കുവാനും മറ്റും ബുദ്ധിമുട്ടാണ്.
 
അപ്പോഴേക്കും പുറത്തു കാറിൻറെ ശബ്ദം കേട്ടു, പിന്നാലെ കുറച്ചു മിട്ടായികളുമായി എൻറെ ഇളയ മകൾ ഉള്ളിലേക്കു ഓടി വന്നു.
 
അച്ഛൻ അവളെ വാത്സല്യത്തോടെ തലയിൽ തലോടി..പിന്നാലെ അമ്മയും എന്റെ ഭാര്യയും മൂത്ത മകളും കടന്നു വന്നു.
 
വീട് വീണ്ടും ശബ്ദമുഘരിതമായി...
ചിങ്ങമാസത്തിൻറെ വരവറിയിച്ചുകൊണ്ട് ഇളം വൈയിലും, ഓണത്തുമ്പിയും പ്രത്യക്ഷപ്പെട്ടു, പ്രകൃതി ഏറ്റവും മനോഹരിയകുന്നത് ചിങ്ങ മാസമാണു എന്ന് തോന്നുന്നു. കാറ്റിനു പോലുമൊരു ലാസ്യ ഭാവം. ആൾക്കാരുടെ മനോഭാവവും, രീതികളും, ചിന്തയും ജീവിത നിലവാരങ്ങളും മറ്റും ഒരുപാടു മാറിയെങ്കിലും   പ്രകൃതി ഇന്നും മാറ്റമൊന്നുമില്ലതെ തുടരുന്നു.ഓരോ ഓണവും ഒരു ഓർമപ്പെടുത്തലാണ് കഴിഞ്ഞു പോയ ഒരു സംസ്കൃതിയുടെ, ഒരുപാടു മനുഷ്യായായുസുകളുടെ, നിറമുള്ള ബാല്യത്തിന്റെ, ഒരായുസ്സ് മുഴുവൻ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന  ഗ്രഹാതുരതയുടെ വിങ്ങലാണ്‌. കൊഴിഞ്ഞു പോയ നഷ്ട വസന്തത്തിൻറെ വളപ്പോട്ടുകളില്ലാത്ത മനുഷ്യർ കാണുമോ? അറിയില്ല!!
എത്ര ഋതുഭേദങ്ങൾ കോഴിഞ്ഞു പോയാലും, ഭൂഗോളത്തിന്റെ ഏതു കോണിലായാലും എൻറെ മനസ്സെപ്പോഴും എൻറെ നാട്ടിലായിരുന്നു    
 
അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നുപോയി, ദിവസങ്ങൾക്കു  മിനിറ്റുകളുടെ ധൈർഘ്യമേയുള്ളുവോ?  എത്ര വേഗമാണ് ഓരോ ദിവസവും   കടന്നുപോകുന്നത് .. തിരിച്ചു പോകുവാനുള്ള ദിവസം അടുത്തു വന്നുകൊണ്ടേയിരുന്നു...
 
രണ്ടു ദിവസമായി നല്ല മഴ... ഇടയ്ക്ക് നിന്നും പിന്നെ പൂർവാധികം ശക്തിയോടെ പെയ്തും മഴ അതിൻറെ കരുത്തു കാട്ടുന്നു. മഴ ഞാൻ നന്നായി ആസ്വദിക്കുമ്പോഴും , പതിവില്ലാത്ത അതിൻറെ ആസുരഭാവം എന്നിൽ എന്തോ അസ്വസ്ഥത ഉളവാക്കി .പൊതുവേ മഴയെ പ്രണയിക്കുന്ന എൻറെ മനസ്സിൽ എന്തോ  ഒരൽപം ആശങ്ക ഉടലെടുത്തു.  എങ്കിലും  ഓരോ മഴത്തുള്ളിയെയും ഞാൻസ്വീകരിച്ചതു  എൻറെ ഹൃദയത്തിലേയ്ക്ക് ആയിരന്നു, മഴ പെയ്തു നിറഞ്ഞത്‌ എന്റെ വരണ്ട ഹൃദയെത്തിലായിരുന്നു,നനഞ്ഞുകുളിർത്തതെൻ മനസ്സായിരുന്നു. മരുഭൂമിയിലെ എരിയുന്ന വേനലിൽ മനസ്സിനു കുളിരേകുവാൻ ഇനിയൊരു വർഷകാലം വരെ മനസ്സിൽ സൂക്ഷിക്കുവാൻ ഓരോ തുള്ളി മഴയും എൻറെ ഹൃദയത്തിൽ നിർലോഭമായി ഞാൻ ശേഖരിക്കുന്നു.എങ്കിലും ഈ മഴയ്ക്കു  എന്തോ ഒരു അസ്വഭാവികത, ഈ മഴയ്ക്കു സൌമ്യ ഭാവമില്ല, എന്തോ ദേഷ്യം പോലെ ആരോടോ ഉള്ള വാശി എന്നോണം പെയ്തു തിമിർക്കുന്നു, അതുകൊണ്ടാവണം സൂര്യൻ പോലും എത്തി നോക്കുവാൻ മടിക്കുന്നത്.
 
ഇനി രണ്ടു ദിവസം കൂടി!!അങ്ങനെ ഒരു അവധിക്കാലം കൂടെ കടന്നു പോകുന്നു.. അതോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ ...
 
വർഷത്തിൽ അനുവദിക്കപ്പെട്ട കുറച്ചു നാളുകൾ, അമ്മയും,അച്ഛനും, പിറന്നു വീണ നാടിനോടൊപ്പം കുറച്ചു ദിവസം. അതെനിക്കു നൽകുന്ന സ്വാന്തനം വിവരനാതീതമാണ്. തലമുറകൾ നടന്ന മണ്ണിലൂടെ നടക്കുമ്പോൾ കിട്ടുന്ന സുരക്ഷിതാബോധം, ആശ്വാസം, ആത്മബോധം, പിന്നെ ഓർമ്മകളുടെ ഭാണ്ടത്തിലോളിപ്പിച്ച ഒരുപാടു ഓർമ്മകൾ. ഈ മണ്ണിലൂടെ നടന്നുപോയി കാലയവനികയിൽ മറഞ്ഞ മുൻതലമുറകളുടെ സ്നേഹ വാത്സല്യങ്ങൾ.... എല്ലാം എല്ലാം .....
 
"ഇങ്ങനെയിരുന്നാൽ മതിയോ നമുക്കു കൊല്ലത്തേയ്ക്ക് പോകണ്ടേ?"
 
അങ്ങനെ ഓരോന്നലോചിച്ചു ഉമ്മറത്തെ ചാരുകസേരയിൽ കണ്ണടച്ചിരുന്ന എന്നെ ഉണർത്തിയത് ഭാര്യയുടെ ഓർമ്മപ്പെടുത്തലാണ് 
 
അതെ തിരക്കിനിടയിൽ  പോകേണ്ട ഒന്നു രണ്ടു സ്ഥലങ്ങളും കൂടെയുണ്ട്.. പതിയെ ഞാൻ അകത്തേയ്ക്കു നടന്നു അപ്പോൾ അച്ഛൻ സ്വീകരണ മുറിയിലുള്ള ദീവാനിൽ കിടക്കുകയാണ്, താടിയൊക്കെ വളർന്നിരിക്കുന്നു, പതിയെ ഞാൻ ആ മുഖത്തു തലോടി ചോദിച്ചു
 
 " താടിയും മുടിയും വളർന്നു, ഷേവു ചെയ്യേണ്ടേ?"
 
"ആ ചെയ്യാം, കിട്ടുവിനെ വിളിക്കാം" മുഖ മുയർത്തി  എന്നോടായി അച്ഛൻ പറഞ്ഞു 
 
"രവീന്ദ്രൻ വരാമെന്ന് പറഞ്ഞിട്ട് ഒന്ന് രണ്ടു ദിവസമായി ഒന്നുകൂടി വിളിക്കാം" ഞാൻ ചോദിക്കുന്നത് കേട്ടു അമ്മ പറഞ്ഞു.രവീന്ദ്രൻ ഞങ്ങളുടെ ബാർബറാണ്, ഞങ്ങളുടെ ബാല്യം മുതൽ കാണുന്ന ആളാണു, വലുതായപ്പോൾ ഞങ്ങളെല്ലാം പുതിയ സലൂണുകളിലേക്ക് മാറി എന്നാൽ  ഇപ്പോഴും അച്ഛനു "കിട്ടു "  അങ്ങനെയാണ് അയാളെ വീട്ടിൽ വിളിക്കുന്നതു, അത് മാത്രമല്ല അച്ഛനും രവീന്ദ്രന്പണിക്കരും ഒക്കെ ചെറുപ്പം മുതൽ പരസ്പരം അറിയുന്നവരാണ്, ഗ്രാമജീവിതത്തിന്റെ  മറ്റൊരു സവിശേഷത, ബന്ധങ്ങളുടെ ഊഷ്മളതയും ദ്രിഡതയും.
 
"മക്കളേ നിങ്ങൾ വരുമ്പോൾ അച്ഛന്റെ ഒരു മരുന്ന് കൂടെ വാങ്ങികൊണ്ട് വരണം' തീരാറായ മരുന്നിന്റെ പേര് കാട്ടി അമ്മ പറഞ്ഞു 
 
"ഒരുപാട് താമസിക്കല്ലേ മക്കളേ, നല്ല മഴ വരുന്നുണ്ട്" അമ്മ അങ്ങനെയാണ്, ഇനി ഞങ്ങൾ തിരികെ വരും വരെ ഉറങ്ങാതെ കാത്തിരിക്കും 
 
"പോയിവരട്ടെ" അച്ഛനോടു പറഞ്ഞു, സാധാരണ 'എവിടെ പോകുന്നു എന്ന് തിരക്കാറുള്ളതാണ് പകേഷേ അന്നു വെറുതെ തലയാട്ടിയതെയുള്ളു !!
 
അച്ഛന്റെ മുടിയിഴകളിൽ വിരലോടിച്ചു ഞാൻ പുറത്തേയ്ക്ക് നടന്നു, "പോയി വരാം അച്ചാച്ചാ" എന്നതു പറഞ്ഞു ഭാര്യയും ഇളയ മകൾ  ഭദ്രയും അച്ഛന്റെ നെറ്റിയിൽ ഓരോ ഉമ്മ   നല്കി ഇറങ്ങി, കൂടെ മൂത്ത മകൾ ഭാവനയും, ഗേറ്റു തുറക്കുവാനായി കൂടെ അമ്മയും.
 
വീട്ടിൽ നിന്നുമിറങ്ങി പതിവുപോലെ മഹാദേവരെയും  വണങ്ങി  യാത്ര തുടർന്നു ,യാത്രയിൽ അന്നു പതിവില്ലാതെ ഞാൻ ഒരല്പം നിശബ്ദനായിരുന്നു, കടന്നു പോകുന്ന വഴിലൂടെ നടന്നു പോയ ബല്യ,കൌമാര,യൌവന കാലഘട്ടങ്ങൾ മനസ്സിലൂടെ നിശബ്ദമായി കടന്നുപോയി,സുഹൃത്തുക്കൾ, കുസൃതികൾ പിന്നെ പ്രായത്തിൻറെ ചാപല്യത്തിൽ കാട്ടിക്കൂട്ടിയ തമാശകൾ എല്ലാം ഒരു ചലച്ചിത്രം പോലെ മനസ്സിൻറെ തിരശീലയിലൂടെ കടന്നു പോകുന്നു, പരിചിതമായ സ്ഥലങ്ങളുടെ രൂപവും ഭാവവുമെല്ലാം കുറെയേറെ മാറിയിരിക്കുന്നു എങ്കിലും ഓർമകൾ മനസ്സിൽ നിത്യഹരിതം. നീണ്ടകരയോട് അടുക്കുന്നു തൊട്ടപ്പുറത്തു സമുദ്രം അൽപം രൗദ്ര ഭാവത്തിൽ ഇളകി മറിയുന്നു, ആകാശം അകെ മഴകോളിനാൽ  മേഘാവൃതമാണു.
 
"നല്ല മഴക്കൊളുണ്ട് "  ഭാര്യുടെ ആത്മഗതം, കുട്ടികൾ കാറിൻറെ ചില്ലുകൾ താഴ്ത്തി വെളിയിലേക്കു നോക്കിയിരിക്കുന്നു 
 
"സുപ്രീമിൽ കയറണം കുറച്ചു സാധനങ്ങൾ  വാങ്ങണം " വീണ്ടും  ഓർമ്മപ്പെടുത്തൽ , മഴ പതിയെ ചാറിത്തുടങ്ങി .
 
ഗ്ലാസ്സു ഉയർത്തിയിടാൻ കുട്ടികൾക്ക് നിർദേശം നല്കി പതിയെ മുന്നോട്ടുള്ള യാത്ര തുടർന്നു 
 
സുപ്രീമിൽ നിന്നും ഇറങ്ങിയപ്പോൾ മഴ കുറച്ചു ശക്തമായി, കുറച്ചു നേരത്തിനുള്ളിൽ തന്നെ ഞങ്ങൾ സുഹൃത്തിൻറെ വീട്ടിലെത്തി, കുട്ടികളെ അവിടെ നിറുത്തിയിട്ടു, ഞങ്ങൾ അമ്പലത്തിലേക്കു യാത്ര തിരിച്ചു, മഴയുടെ ശക്തി കാരണം ദൂരകാഴ്ച നന്നേ കുറവാണ്‌, എങ്കിലും, ആദ്യം അമ്മച്ചിവീട്ടിലെത്തി, വണ്ടി നിറുത്തിയപ്പോൾ കഴിഞ്ഞ കൊല്ലം അച്ഛനും അമ്മയുമായി അവിടെ വന്നതോർത്തു, അമ്പലത്തിൽ കയറി പ്രാർത്ഥനയൊക്കെ കഴിഞ്ഞു,തിരികെ വണ്ടിയിൽ കയറി, അന്നേരം ഭാര്യയും അച്ഛന്റെയും അമ്മയുടെയും കൂടെ വന്ന കാര്യം പറഞ്ഞു, ഞാനും അതോർത്തു എന്ന് പറഞ്ഞു അടുത്ത ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു, അവിടെ അടുത്തു തന്നെയാണു കൊട്ടാരം കുളം ഗണപതി കോവിൽ, എപ്പോൾ വന്നാലും അവിടെയും സന്ദെർശിക്കാറുണ്ട്. വഴി അരികിൽ വണ്ടി നിർത്തി ക്ഷേത്രത്തിൽ കയറി, അവിടെ ആദ്യം തിരഞ്ഞെതു ഒരു പരിചയക്കരനുണ്ട് അയാളുടെ മുഖമാണ് നോക്കിയത്‌, ആ പരിചയം എപ്പോഴും പ്രാർഥനയ്ക്കു വിഘ്നം വരുത്തുകയാണ് പതിവു, അതിനാൽ അയാൾ എൻറെ അടുത്തെത്തുന്നതിനു മുൻപ് ഞാൻ ഭഗവാനെ പ്രാർഥിച്ചു തുടങ്ങി' ഒട്ടും താമസിച്ചില്ല അയാളുടെ ശബ്ദം എന്നെ അലോരസപ്പെടുത്തി 
 
"എപ്പോൾ വന്നു?'" അത് ശ്രദ്ധിക്കാതെ ഞാൻ എൻറെ പ്രാർഥന തുടർന്നു. എല്ലാവർക്കും വേണ്ടി ഈശ്വരനോടു ഞാൻ പ്രാർഥിച്ചു, എന്റെ അച്ഛനോടും അമ്മയോടും കൂടി ഉണ്ടാവണേ എന്നു മനസ്സ് നിറഞ്ഞു അപേക്ഷിച്ചു. എൻറെ അച്ഛനെ കഷ്ടപ്പെടുത്തരുതെയെന്നും എപ്പോഴും ആരോഗ്യവാനായിയിരിക്കണേയെന്നും  അമ്മയ്ക്കു ആരോഗ്യും ശക്തിയും കൊടുക്കണേ എന്ന് ഉള്ളുരുകി ഞാൻ പ്രാർഥിച്ചു.അച്ഛന്റെ പേരിൽ ആ മാസം നടത്തുന്ന മഹാ ഗണപതി ഹൊമത്തിലെയ്ക്കു വഴിപാടും നേർന്ന് "ശല്യക്കാരനായ പരിചയക്കാരനു" ദക്ഷിണയും നൽകി  തിരികെ വണ്ടിയിലെത്തി. അപ്പോഴേക്കും മഴയ്ക്കു ഒരൽപം ശമനം വന്നിരുന്നു.
 
 അധികം താമസം കൂടാതെ തന്നെ ഞങ്ങൾ തിരിച്ചു സുഹൃത്തിന്റെ വീട്ടിലെത്തി, കുഞ്ഞുങ്ങൾ ആ സമയമത്രയും കളികളിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു നേരം സംസാരിച്ചിരുന്നു പിന്നെ  ഭക്ഷണവും കഴിഞ്ഞു "നാളെ പോകാം" എന്ന അവരുടെ സ്നേഹം നിറഞ്ഞ നിർബന്ധപൂർണമായ ക്ഷണം ഒഴിവാക്കി അവിടെ നിന്നും വീട്ടിലേയ്ക്കു തിരിച്ചു, അപ്പോഴും തരക്കേടില്ലാത്ത മഴയുണ്ടായിരുന്നു.
 
ഹൈവേയിലെത്തിയപ്പോൾ  എതിരെ വരുന്ന വണ്ടികളുടെ ഡിം അടിക്കാതെയുള്ള ചീറിപ്പാഞ്ഞു വരവും മഴയും കൂടി ഡ്രൈവിംഗ് ദുഷ്കരമാക്കി,പതിയെ മഴയുടെ ശക്തി കൂടി കൂടി വന്നു , എങ്കിലും പതിയെ ഞാൻ ഒരുവിധം യാത്ര തുടർന്നു, പലപ്പോഴും എതിരെ വരുന്ന വണ്ടികൾ തൊട്ടുരുമി പോകുന്നതുപോലെയാണ് കടന്നു പോകുന്നത്, ഈ മഴയിൽ എങ്ങനെ ഇത്രയും വേഗത്തിൽ വണ്ടിയോടിക്കുന്നു എന്നു ഞാൻ പിറുപിറുത്തു.തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഭാര്യുടെ മുഖത്ത് രാത്രിയിൽ, മഴയത്തുള്ള യാത്രയുടെ സംഘർഷം വളരെ വ്യക്തമായി കാണാമായിരുന്നു.അങ്ങനെ ഒരുവിധം കരുനാഗപ്പള്ളിയിൽ എത്തി.
 
"അച്ഛന് മരുന്നു വാങ്ങേണ്ടേ ?" വീണ്ടും ഭാര്യയുടെ ഓർമ്മപെടുത്തൽ.
 
"കടയിലേക്കാണ് പോകുന്നത്‌" ഞാൻ മറുപടി നൽകി 
 
മിക്കവാറും എല്ലാ കടകളും അടച്ചിരിക്കുന്നു, ആദ്യം അയ്യപ്പാ മെഡിക്കൽസിൽ നോക്കാം, പക്ഷെ ആ സ്റ്റോർ അപ്പോഴേക്കും അടച്ചിരുന്നു, പിന്നെ തുറന്നിരിക്കുന്ന കൃഷ്ണ മെഡിക്കൽസിലേക്ക് പോയി, അപ്പോഴേക്കു  മഴ ഭ്രാന്തമായ ആരവത്തോടെ പെയ്തു തകർക്കുന്നു. വണ്ടി എങ്ങും നിറുത്തുവാൻ സാധിക്കുന്നില്ല, ഒടുവിലായി മഹാദേവരുടെ ഗോപുരനടയിൽ വണ്ടി നിറുത്തി, വെളിയിൽ റോഡിൽ കുത്തിയൊലിച്ചു പായുന്ന വെള്ളം, ഒരുവേള ഈ വെള്ളപ്പാച്ചിലിൽ എല്ലാം ഒലിച്ചു പോകുമോ എന്നുപോലും സംശയിച്ചു.ഡോർ തുറന്നു മെഡിക്കൽ ഷോപ്പിലേക്കു നടന്നു, കുടയുണ്ടായിട്ടു കൂടി ദേഹമാസകലം നനഞ്ഞു, അവരും കടയടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, വേഗം മരുന്നും വാങ്ങി തിരികെ കാറിലെത്തി.ഹൈവേയിൽ നിന്നും വീട്ടിലെയ്ക്കുള്ള വഴിയിലെക്കു കടന്നു, മഴയ്ക്കു അപ്പോഴും ഒരു ശമനവും ഇല്ലായിരുന്നു, മഴയുടെ ഈ രൗദ്ര ഭാവം എൻറെ മനസ്സിൽ  എവിടെയോ ഒരു ഭീതിയുടെ വിത്തു വിതച്ചു, റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ചു പായുന്നു. അങ്ങനെ ഒരു വിധത്തിൽ  വീട്ടിലെത്തി, അമ്മ കതകുതുറന്നു തന്നു, കുട്ടികൾ "അച്ചാമ്മച്ചീ" എന്ന് വിളിച്ചുകൊണ്ട് ഓടി അമ്മയുടെ അരികിലെത്തി, വണ്ടി പാർക്ക് ചെയ്തു വന്ന ഞാൻ ആദ്യം തിരക്കിയതു അച്ഛനെ കുറിച്ചാണ്.
 
'ഭാഗ്യം ഇന്നു വേദനയൊന്നും വന്നില്ല" അമ്മ പറഞ്ഞു 
 
ദൈവത്തിനു മനസ്സിൽ നന്ദി പറഞ്ഞു ഞാൻ വീട്ടിലേക്കു കയറി,അപ്പോൾ ദീവാനിൽ സുസ്മേരവദനനായി അച്ഛൻ കിടക്കുന്നു, അപ്പോൾ അച്ഛൻ താടിയൊക്കെ വടിച്ച്‌ പ്രസന്ന വദനനായി കാണപ്പെട്ടു.
 
"ങാ..ഹാ..  സുന്ദരനായല്ലോ" അച്ഛന്റെ കവിളിൽ തലോടി ചിരിയോടെ ഞാൻ ചോദിച്ചു,അച്ഛനും ചിരിച്ചു കുലുങ്ങിയുള്ള അച്ഛന്റെ ചിരി എന്റെ മനസ്സിൽ സന്തോഷത്തിൻറെ തേൻ മഴ പെയ്യിച്ചു. അപ്പോൾ എന്റെ ഭാര്യ വന്നു അച്ഛനെ പ്രസാദം തൊടുവിച്ചു എന്നിട്ട് അവളും അച്ഛനോടു ചേർന്നിരുന്നു. അതായിരുന്നു ഞങ്ങളുടെ ലോകം,ഞങ്ങളുടെ സ്വർഗം.വെളിയിലപ്പോൾ മഴയ്ക്കു ഒരു ചെറിയ ശമനമുണ്ടായിരുന്നു
 
"നീ എവിടെ പോയിരുന്നു" അച്ഛൻ ചോദിച്ചു 
 
"കൊല്ലത്ത് വരെ പോയി " എന്റെ മറുപടി 
 
"എന്താ വിശേഷിച്ച് " അച്ഛൻ വീണ്ടും തിരക്കി 
 
"അമ്പലത്തിൽ പോകണമായിരുന്നു"
 
ഞാനും അച്ഛനു അരികിൽ ഇരുന്നു, എന്നിട്ട് പതിയെ, ക്ഷീണിച്ച എന്നാൽ പ്രസാദമുള്ള, നെറ്റിയിലൂടെ കൈവിരലുകൾ ഓടിച്ചു, അച്ഛനപ്പോൾ പതിവിലും ഉൻന്മേഷവാനും സന്തൊഷവാനുമായി കാണപ്പെട്ടു.അങ്ങനെ കുറച്ചുനേരം അവിടെയിരുന്നു അച്ഛനോടും അമ്മയോടും സംസാരിച്ചതിനുശേഷം ഞങ്ങൾ കിടക്കുവാനായി മുകളിലെ മുറിയിലേക്കുപോയി അപ്പോൾ സമയം കുറെയേറെ വൈകിയിരുന്നു, ഉടുപ്പെല്ലാം മാറ്റി കിടന്നു,അപ്പോഴ്ക്കും മഴ വീണ്ടും ശക്തമായി പെയ്തു തുടങ്ങിയിരുന്നു, ഞാൻ തുറന്നിട്ട  ജനാലയിലൂടെ മഴയും നോക്കി കിടന്നു,അതിനിടയിൽ ഫേസ് ബുക്കിൽ മഴയെ കുറിച്ചു എന്തൊക്കെയോ എഴുതുകയും പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. അടുത്തു കിടന്ന ഭാര്യ അപ്പോൾ ഓർമിപ്പിച്ചു ഇനി രണ്ടു ദിവസം കൂടി അല്ലെ? ഞാൻ മൂളി , അവൾ പിന്നെ തിരിച്ചു പോകുവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ചൊക്കെ സംസാരിച്ചുകൊണ്ടു കിടക്കുകയായിരുന്നു, പെട്ടന്നാണു കതവിൽ ഒരു തട്ടൽ, ഞാൻ വെപ്രാളത്തോടെ കതകിൻറെ കുറ്റി മാറ്റി, വെളിയിൽ അമ്മ, അച്ഛനു വീണ്ടും നെഞ്ചുവേദനയെടുക്കുന്നു എന്ന് പറഞ്ഞു. പെട്ടന്നു തന്നെ ഞാൻ അച്ഛന്റെ അരികിലെത്തി, അപ്പോൾ അച്ഛൻ  നെഞ്ചു തടവുകയായിരുന്നു ഞാൻ പതിയെ അച്ഛന്റെ നെഞ്ചു തടവി കൊടുത്തു, അപ്പോഴേക്കും ഭാര്യയും മക്കളും അമ്മയും അവിടെയെത്തി, എല്ലാവരും അച്ഛനു ചുറ്റും കിടക്കയിൽ ഇരുന്നു.

" ഹോ വേദനിക്കുന്നു" അച്ഛൻ പറഞ്ഞു 
 
"നമുക്കു ആശുപത്രിയിൽ പോകാം" ഞാൻ പറഞ്ഞു,
 
"അതുവേണ്ട" അച്ഛൻ പറഞ്ഞു അപ്പോൾ ഭാര്യയും ഇളയ മകൾ ഭദ്രയും അച്ചന്റെ നെഞ്ചു തടവുന്നുണ്ടായിരുന്നു.ഭദ്രയെ നോക്കി അച്ഛൻ അച്ഛന്റെ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചുകൊണ്ടു തലയനക്കി ഒരു ആകഷൻ കാട്ടി, എല്ലാവരും അതു കണ്ടു ചിരിച്ചു. ഭദ്ര അച്ചാച്ചനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും നൽകി അത് കണ്ട മൂത്തമകൾ ഭാവനയും അച്ഛൻറെ നെറ്റിതടത്തിൽ ഒരു ഉമ്മ നൽകി.
 
അച്ഛനു തുപ്പണം എന്ന് പറഞ്ഞു, തുപ്പനുള്ള പാത്രം കാട്ടിയപ്പോൾ അച്ഛൻ അതിൽ തുപ്പി, അതിൽ അസ്വാഭികമായി ഒരു ചുവന്ന നിറം, അതുകണ്ട് ഞാൻ ആശുപത്രിയിൽ പോകുവാൻ തീരുമാനിച്ചു.
 
"അച്ഛാ  നമുക്കു ആശുപത്രിയിൽ പോകാം" ഞാൻ പറഞ്ഞു 
"നമുക്കു കൊട്ടയ്ക്കകത്തു ചിറ്റപ്പന്റെ അടുത്തു പോകാം" അച്ഛൻ പറഞ്ഞു 
 
അതു ശീലമാണ്, എന്തിനും അവസാന വാക്ക് അപ്പൂപ്പൻറെയാണു, ഡോ. രാജൻ, അപ്പോൾ വർദ്ധക്യത്തിന്റെ അവശതയിൽ എകാന്തതയിൽ വിശ്രമിക്കുന്നു. ഒരു ഡോക്ടർ എന്താവണം, എങ്ങനെയാകണം എന്നു ജീവിതം കൊണ്ടു വരച്ചു കാട്ടിയ മഹാനായ മനുഷ്യൻ. എന്നെ സംബന്ധിച്ചു  " ജീവിച്ചിരിക്കുന്ന സർവ്വ വിജ്ഞാന കോശം" 'ഒരു അവസാന വാക്ക്"
 
"അച്ഛാ ചിറ്റപ്പനു സുഖമില്ലാതെയിരിക്കുകയല്ലേ" അമ്മ പതിയെ അച്ഛനെ ഓർമ്മിപ്പിച്ചു.
 
അതുകേട്ടു അച്ഛൻ പതിയെ മൂളി, പിന്നെ കട്ടിലിൽ എഴുനേറ്റിരുന്നു, എന്റെ ഭാര്യയും ഇളയമകൾ ഭദ്രയും അപ്പോഴും അച്ചന്റെ പുറവും നെഞ്ചും തടവുന്നുണ്ടായിരുന്നു.
 
അച്ഛനെ ഷർട്ട്‌ ഇടുവിച്ചപ്പോൾ അച്ഛൻ പതിയെ എൻറെ കവിളിൽ വാത്സല്യത്തോടെ ഒന്നു തലോടി പിന്നെ വെളിയിലേക്കു നോക്കി പറഞ്ഞു 
 
" നല്ല മഴ അല്ലേടാ ?" അതെയെന്നും ഞാൻ മറുപടി നൽകി. മഴക്ക്  അപ്പോഴേയ്ക്കും വല്ലാത്തൊരു ക്രോധഭാവം കൈ വന്നിരുന്നു, മഴയെ വല്ലാതെ സ്നേഹിക്കുന്ന എൻറെയുള്ളിലും ഭീതി പടർത്തി മഴ തകർത്തു പെയ്യുന്നു 
 
അച്ചൻറെ കൈയ്യിൽ പിടിച്ചു പതിയെ ഞാൻ വെളിയിലേയ്ക്കിറങ്ങി,കൂടെ അമ്മയും, അതിനു മുൻപ് ഞാൻ വണ്ടി എടുത്തു സിറ്റ് ഔട്ടിനോട് ചേർത്തിട്ടിരുന്നു,സിറ്റ് ഔട്ടിൽ നിന്നും ഒരു സ്റ്റെപ് ഇറങ്ങിയ അച്ഛൻ തിരിഞ്ഞു നോക്കി വാച്ചിനായി കൈ കാണിച്ചു( വെളിയിൽ പോകുമ്പോൾ എപ്പോഴും അച്ചന്റെ കൈയ്യിൽ വാച്ചുണ്ടാകും) എന്നാൽ അന്നു അച്ഛൻ കൈയ്യിൽ വാച്ച് കെട്ടിയില്ല, കൂടുതൽ നനയാതെ അച്ഛനെ ഞാൻ കാറിനുള്ളിൽ ഇരുത്തി, മഴ അപ്പോഴും വളരെ ഭയാനകമായ ഭാവത്തിൽ പെയ്തുകൊണ്ടേയിരുന്നു,അമ്മ പിറകിലെ സീറ്റിൽ ഇരുന്നു, ഞാൻ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടി പതിയെ മുന്നോട്ടു നീങ്ങി തുടങ്ങി , തിരിഞ്ഞു നോക്കിയപ്പോൾ ഭാര്യയും മക്കളും സിട്ടൗറ്റിൽ വിഷാദരായി നോക്കി നിൽക്കുന്നു, അപ്പോഴൊക്കെ അമ്മ പതിയെ അച്ചന്റെ പുറം തടവികൊടുക്കുന്നുണ്ടായിരുന്നു, എങ്കിലും അച്ഛൻ ഒന്നും സംസാരിച്ചിരുന്നില്ല.പുറത്തു മഴ വല്ലാത്ത ഒരു വാശിയോടെ പെയ്യുന്നുണ്ട്, വണ്ടി മഹാദേവരുടെ തിരുനടയുടെ അടുത്തെത്തി, ഒരു നിമിഷം ഞാൻ കണ്ണടച്ചു ഭഗവാനോട് പറഞ്ഞു "എന്റെ അച്ഛനെ കാത്തു രക്ഷിക്കണേ",ഞങ്ങളുടെ എല്ലാം അവസാനത്തെ ആശ്രയമാണ് കരുനാഗപ്പള്ളിയിലെ ശ്രീ മഹാദേവൻ.എല്ലാം ഈശ്വരനിങ്കിൽ സമർപ്പിച്ചു ഞങ്ങൾ ആശുപത്രിയിൽ എത്തി. വണ്ടി ഞാൻ എമെർജെൻസിയുടെ അടുത്ത് നിർത്തി എന്നിട്ടു അകത്തുനിന്നും ഒരു വീൽ ചെയർ വരുത്തി അച്ഛനെ പതിയെ അതിൽ ഇരുത്തി,അച്ഛനപ്പോൾ  കാലുകൾ വീൽ ചെയറിന്റെ ഫൂട്ട് റെസ്റ്റിൽ വച്ചിട്ടില്ലായിരുന്നു  ഞാൻ പതിയെ അച്ഛന്റെ പാദങ്ങൾ ഫൂട്ട് റെസ്റ്റിലെയ്ക്കു  എടുത്തു വയ്ച്ചു, എന്റെ കൈ വിരലുകൾ ഒന്ന് വിറച്ചുവോ?. അച്ഛന്റെ പാദങ്ങൾ ശോഷിച്ചിരുന്നു, മുൻപൊക്കെ ഒരു നിമിഷം പോലും ഒരിടത്തും അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു, തൂ വെള്ള ഖദർ ഷർട്ടിലും മുണ്ടിലുമുള്ള  അച്ഛന്റെ പ്രൌഡ ഗംഭീരമായ രൂപം പെട്ടന്ന് എൻറെ മനസ്സിലൂടെ കടന്നു പോയി.
 
അത്യാഹിത വിഭാഹതിലെ അറ്റണ്ടെർ പെട്ടന്നു തന്നെ അച്ഛനെയും കൂട്ടി ആശുപത്രിയുടെ അകത്തേയ്ക്കു പോയി,കൂടെ അമ്മയും. വണ്ടി പാർക്കു 
ചെയ്തിട്ടു തിരിച്ചു വന്നപ്പോൾ ഡ്യൂട്ടി ഡോക്ടർ അച്ഛനെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വെളിയിലേയ്ക്കുവന്നു  ഉൽത്കണ്ടാകുലരായ  ഞങ്ങളോട്  അച്ഛന്റെ അവസ്ഥയെകുറിച്ചു അറിയിച്ചു 
 
"  അറ്റാക്കാണ്‌ ബ്ലോക്കുകൾ  ഉള്ളത് കാരണം ഐ സി യു വിലെയ്ക്കു മാറ്റണം, സീനിയർ ഡോക്ടറുമായി ഞാൻ സംസാരിച്ചു"
 
"ശരി" ഞങ്ങൾ പറഞ്ഞു 
 
കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ട്രക്കച്ചറിൽ   അച്ഛനെ കൊണ്ടുവന്നു, അപ്പോൾ അച്ഛന്റെ മുഖത്തു ഒക്സിജെൻ മാസ്ക് ഉണ്ടായിരുന്നു, അച്ഛൻ അതു ഒരു വശത്തേക്കു മാറ്റുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ആശുപത്രി ജീവനക്കാർ പെട്ടന്നു തന്നെ ഒരു ലിഫ്റ്റിൽ കയറ്റി  അച്ഛനെ ഐ സി യു വിലെയ്ക്കു കൊണ്ടുപോയി, ഞാനും അമ്മയും അടുത്ത ലിഫിറ്റിൽ കയറി ഐ സി യു വിൻറെ മുന്നിലെത്തി, അപ്പോൾ സമയം ഏകദേശം രണ്ടു മണി കഴിഞ്ഞു കാണും, ഇതിനിടയിൽ മൊബൈലിൽ ഭാര്യയുടെ  മെസ്സേജുകൾ തുരു തുരാ വന്നുകൊണ്ടിരുന്നതു അപ്പോൾ മാത്രമാണ് ശ്രദ്ധിച്ചത്, പെട്ടന്നു തന്നെ ഞാൻ അവളെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു, അവൾ എന്നെ സമാധാനിപ്പിക്കുവാനായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
 
സമയം രാത്രി രണ്ടു മണി ആയിരിക്കുന്നു , ഐ സി യു വിനുവെളിയിലുള്ള  നീളൻ വരാന്തയിൽ കുറെയേറെ ആൾക്കാർ കിടക്കുന്നു ഐ സി യുവിനുള്ളിൽ കിടക്കുന്ന രോഗികളുടെ ബന്ധുക്കളാണ്, പാതി മയക്കത്തിലും ആകാംക്ഷാഭരിതമായ കുറെയേറെ മനുഷ്യർ.
 
 അമ്മയും ഞാനും ഐ സി യു വിനുവെളിയിലുള്ള ഓരോ കസേരയിൽ ഇരുന്നു,പാ വം അമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു, ഞാൻ അമ്മയെ ചുമലിലൂടെ കൈയിട്ടു എന്നോടു ചേർത്തിരുത്തി. അമ്മ അപ്പോൾ നിശബ്ദമായി പ്രാർഥിക്കുകയായിരുന്നു.വെളിയിൽ അപ്പോഴും പുറത്തു മഴ ഇടതടവില്ലാതെ പെയ്യുന്നത് ആശുപത്രിയുടെ ചില്ലു ജാലകത്തിലൂടെ കാണാം, കാറ്റേറ്റ് തങ്ങോലതലപ്പുകൾ ഇളകിയാടുന്നതുകണ്ടാൽ സർപ്പംപാട്ടിൽ മുടിയഴിച്ചാടുന്ന യുവതികളെയാണ് ഓർമ്മ വരുന്നത് , മഴ ഭ്രാന്തമായി പെയ്തു തിമിർക്കുന്നതു ആരോടെ ഉള്ള വാശിയെന്നവണ്ണം.
 
അല്പം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു അച്ഛന്റെ പേരുചൊല്ലി കൂടെ വന്ന ആളിനെ വിളിച്ചു, ഉടൻ തന്നെ ഞാൻ അങ്ങോട്ടേയ്ക്ക് ചെന്നു,
 
ഡോക്ടർ വിളിപ്പിച്ചതാണ്‌ " ബ്ലോക്കുണ്ട്‌  അതാണ്‌ വേദന  ഒരു  മരുന്നു കുത്തിവയ്ക്കണം ,സാധാ മരുന്നും കൂടിയ മരുന്നുമുണ്ടു, കൂടിയ മരുന്നാണ് നല്ലത് അതിനു ഒരു വലിയ വിലയും പറഞ്ഞു" മരുന്നുകളുടെ ഏറ്റകുറച്ചിലുകളെ കുറിച്ചു എനിക്കു വലിയ അറിവൊന്നും ഇല്ലായിരുന്നു, ഇനി ഉണ്ടെങ്കിൽ തന്നെ എന്റെ അച്ഛനെക്കാൾ വലിയതായി ഒന്നും ഞങ്ങൾക്കില്ല. മനുഷ്യൻറെ ജീവൻ പോലും വിലപേശി കച്ചവടം നടത്തുന്ന ആധുനികകാല യാഥാർഥ്യം.  ഡോക്ടർ തന്ന കുറിപ്പുമായി ഞാൻ താഴെ ഫാർമസിയിലേക്ക്‌ പോയി, അവിടെ ചെന്നപ്പോൾ പൈസ അടച്ചു രസീതിയുമായി വരാൻ പറഞ്ഞു, കാഷ് കൌണ്ടറിലെ ആൾ അവിടെ ഒരു സോഫയിൽ കിടന്നുറങ്ങുന്നു, അയാളെ വിളിച്ചുണർത്തി കാര്യം പറഞ്ഞു, അപ്പോൾ അടുത്ത പ്രശ്നം റെഡി കാശു വേണം കാർഡ് എടുക്കുകയില്ല,
 
"പെട്ടന്നാണ് ഇങ്ങോട്ട് വന്നത് അതുകൊണ്ട് ഇത്രയും വലിയ പൈസ കൈയ്യിൽ കരുതിയില്ല , പക്ഷെ കാർഡിൽ കാശുണ്ട് ഇപ്പോൾ ഈ മഴയത്തു ഞാൻ എവിടെ പോകാനാണ്, നിങ്ങളുടെ  കാർഡ്ഉപയോഗിക്കുന്ന മെഷീൻ വർക്ക്‌ ചെയ്യാത്തത്‌  എടുക്കാത്തതു എൻറെ കുറ്റമല്ലല്ലോ, അതുമല്ല എൻറെ  അച്ഛൻ ഇവിടെ ഐ സി യുവിൽ ഉണ്ട് ഞങ്ങൾ ഓടി പൈസ തരാതെ പോകുകയില്ല"    പിന്നെയും  കുറച്ചുനേരം സംസാരിച്ചതിനു ശേഷം അയാൾ ആരെയൊക്കെയോ വിളിച്ചു അതിനുശേഷം മരുന്ന് തരുവാൻ സമ്മതിച്ചു.അതുമായി ഞാൻ വീണ്ടും ഐ സി യു വിൻറെ മുന്നിലേയ്ക്ക്‌, മരുന്നു കൊടുത്തപ്പോൾ ഞാൻ ഡോക്ടറോടു ചോദിച്ചു 

"ഡോക്ടർ എന്റെ അച്ഛനു ഇപ്പോൾ എങ്ങനെയുണ്ട്‌ ?" ആ സ്വരത്തിൽ ഞാൻ ബോധപൂർവ്വം ഒളിപ്പിക്കാൻ ശ്രമിച്ച വിഹ്വലത പ്രകടമായിരുന്നു 
"ഇല്ല കുഴപ്പമില്ല, ഈ മരുന്നു കഴിയുമ്പോൾ ഒരു ആശ്വാസം കിട്ടും എങ്കിലും ബ്ലോക്കുള്ളതുകൊണ്ടു ഇനിയും വേദന വരും" ഇത്രയും പറഞ്ഞതിനു ശേഷം ഡോക്ടർ മരുന്നുമായി ഐ സി യു വിനുള്ളിലേയ്ക്കു കയറി, ഞാൻ അമ്മയുടെ അടുത്തേയ്ക്കും.
 
" മരുന്നു കിട്ടിയോ മോനെ , ഡോക്ടർ എന്താണു പറഞ്ഞതു" അമ്മയുടെ ആകുലത നിറഞ്ഞ ചോദ്യം 
 
"മരുന്നു കിട്ടി, അതു ഇൻജെക്റ്റു ചെയ്താൽ ബ്ലോക്ക് അലിയും പിന്നെ അച്ഛനു കുറച്ചു സമാധാനമാകും" അത് കേട്ട അമ്മ സമാധാനത്തോടെ കസേരയിൽ ചാരിയിരുന്നു, അവിടെ ചുറ്റിനും കുറെയേറെ ആളുകൾ കിടക്കുന്നുണ്ടായിരുന്നു,ഐ സി യുവിൽ കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടിയുള്ള കാത്തിരിപ്പോടെ, കൂടെ ഞങ്ങളും.

നേരമപ്പോൾ ഒരു മൂന്നു മൂന്നര മണി  ആയിക്കാണും ഡോക്ടർ ഐ സി യുവിൽ നിന്നും പുറത്തേയ്ക്കു വരുന്നതു കണ്ടു ഞാൻ ഡോക്ടറുടെ അടുത്ത് ചെന്നു അച്ഛന്റെ ഇപ്പോഴുള്ള സ്ഥിതിയെ കുറിച്ചു അന്വേഷിച്ചു 
 
"ഡോക്ടർ അച്ഛനിപ്പോൾ എങ്ങനെയുണ്ട്? മരുന്നു കൊടുത്തു കഴിഞ്ഞോ? അമ്മയെകണ്ടില്ലെങ്കിലോ അമ്മ അടുത്തില്ലെങ്കിലോ  അച്ഛനു ഒരു സമാധാനവും കാണില്ല "

"മരുന്നു കൊടുത്തു കഴിഞ്ഞു ഇപ്പോൾ കുഴപ്പമില്ല ആൾ ഉറങ്ങുകയാണ് "

ആകാംക്ഷയോടെയിരിക്കുന്ന അമ്മ യോടു ഞാൻ ഡോക്ടര പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു,അതുകേട്ട അമ്മയ്ക്കു കുറച്ചു സമാധാനമായി. അപ്പോഴൊക്കെ എന്റെ മൊബൈലിൽ സന്ദേശങ്ങളും ആശങ്കകളും നിറുത്താതെ വന്നുകൊണ്ടേയിരുന്നു, വീതിൽ നിന്നും ഭാര്യയുടേതാണ് അവൾ ഉറങ്ങിയില്ല, ഇനി ഞാൻ ചെല്ലാതെ അവൾ ഉറങ്ങില്ല.

"അച്ഛനു മരുന്ന് കൊടുത്തു കഴിഞ്ഞോ ? അമ്മ എങ്ങനെയിരിക്കുന്നു, അമ്മയെ ശ്രദ്ധിക്കണേ നടുവേദന ഉള്ളതാണ്‌"

"ഭദ്ര അച്ചാച്ചന്റെ കാര്യം പറഞ്ഞു പറഞ്ഞു കിടക്കുകയായിരുന്നു, ഇപ്പോൾ ഉറങ്ങി, ഭാവന, പാവം അവൾ ഒന്നും ചോദിച്ചില്ല, കുഞ്ഞു വളർന്നില്ലേ അവൾക്കെല്ലാം മനസിലാകുന്നുണ്ട്. അങ്ങനെ പോകുന്നു മെസ്സേജുകൾ 

അവൾക്കു മറുപടി അയച്ചുകൊണ്ടിരുന്നപ്പോൾ അമ്മയുടെ ചോദ്യം, "മോളോടു പറഞ്ഞോ, പാവം വിവരങ്ങൾ ഒന്നും അറിയാതെ വിഷമിച്ചിരിക്കുകയായിരിക്കും, ഭദ്രൻ ( ഭദ്രയെ ഞങ്ങൾ ഇടയ്ക്കൊക്കെ അങ്ങനെയാണു വിളിക്കുന്നത്‌) ഉറങ്ങിയോ, പാവം കുഞ്ഞ് " ഇത്രയും പറഞ്ഞിട്ടു ഭദ്രയുടെ എന്തോ വികൃതിയോർത്തു അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

നേരം പിന്നെയും പോയിക്കൊണ്ടെയിരുന്നു, പുറത്തു മഴയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വരുന്നു, നിയോൺ വെളിച്ചത്തിൽ മഴയിൽ നനഞ്ഞു കുതിർന്ന തെങ്ങോലതലപ്പുകൾ നോക്കി ഞാനിരുന്നു,  .എങ്ങും ഒരു ശാന്തത,ഐ സി യുവിനു മുന്നിൽ ഉറങ്ങുന്നവരുടെ കൂർഘംവലി മാത്രമാണ്  അതിനൊരു  ഭംഗം വരുത്തുന്നത് 

എന്തേ പ്രകൃതി ഒരു വല്ലാത്ത ഭാവത്തിൽ? തലേ ദിവസം മുതൽ എന്നെ പകൃതിയുടെ ഈ മാറ്റം വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു, വല്ലാതെ ഒരു നിരാശയോടും , ക്രൌര്യ ഭാവത്തോടും അതു പെയ്തു തിമിർക്കുകയായിരുന്നു.

ദൂരെവെള്ളി കീറിത്തുടങ്ങി,  പ്രകൃതിയും ജീവജാലങ്ങളും പതിയെ വീണ്ടുമൊരു ദിവസത്തിലേയ്ക്ക് കടക്കുന്നു, കൂടെ ഞങ്ങളും ആരും, ഒന്നും ഒന്നിനുവേണ്ടിയും കാത്തു നിൽക്കില്ല, നിൽക്കുന്നവർ വഴിയിലുപേക്ഷിക്കപെടും.

സമയമിപ്പോൾ അഞ്ചു മണികഴിഞ്ഞു മുപ്പതു മിനിട്ടായിക്കാണും, പെട്ടന്നു ഐ സി യുവിന്റെ ഡോർ തുറന്നു നേഴ്സ് അച്ഛന്റെ പേരുറക്കെവിളിച്ചു.
അതുകേട്ട ഞാൻ അങ്ങോട്ടോടിചെന്നു, ഐ സി യുവിന്റെ ഇടനാഴിയിൽ ഡോക്ടർ കാത്തുനിൽക്കുന്നു.

"എന്താണ് ഡോക്ടർ" എന്റെ വിഹ്വലമായ ശബ്ദം പകുതിയേ വെളിയിൽ വന്നോള്ളൂ! എന്തോ അഹിതമായ കാര്യമാണ് , മനസ്സ് പിടക്കുന്നത്‌ എനിക്കു വ്യക്തമായി വെളിയിൽ കേൾക്കാം.

"മരുന്നു മുഴുവൻ കഴിഞ്ഞു, ശാന്തമായി ഉറങ്ങുകയായിരുന്നു, പെട്ടന്നാണ് ബി പി ലോ ആയതു ഞങ്ങൾ ശ്രമിക്കുന്നുണ്ട്"

അതുകേട്ടു എന്റെ സപ്ത നാഡികളും തളർന്നുപോയി, ഞാൻ സഹായത്തിനായി ഭിത്തിയിലേക്കു ചാരി, കണ്ണുകളിൽ നിന്നും കാഴ്ച മറയുന്നുവോ!!
ഡോക്ടർ എന്നെയും കൂട്ടി ഐ സി യുവിലേയ്ക്കു നടന്നു, അകത്തു ഞാൻ കണ്ടത് ഒരു നേഴ്സ്  അച്ഛനു പ്രഥമ ശുശ്രൂഷയായി നെഞ്ചിൽ ശക്തിയായി അമർത്തുന്നു,അവിടെ ഉണ്ടായിരുന്ന ഉപകരണത്തിൽ അച്ഛന്റെ ഹൃദയമിടിപ്പിന്റെ ചെറിയ സ്‌പന്ദനം ഞാൻ കണ്ടു.
" പെട്ടന്നാണ് ബി പി ഡൌൺ ആയതും ഹാർട്ട് റേറ്റ് കുറഞ്ഞതും , ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് ഹാർട്ട് റേറ്റ്  ഒന്നു സ്ഥിരമായാൽ വെന്റിലേറ്ററിലെയ്ക്കു മാറ്റുo, കുഴപ്പമില്ലല്ലോ "

"ഇല്ല " ഞാൻ പറഞ്ഞു , അപ്പോൾ ഞാൻ രണ്ടു കൈകൾ കൊണ്ടും അച്ഛന്റെ പാദങ്ങൾ എന്റെ ശരീരത്തോടു  ചേർത്തു പിടിച്ചായിരുന്നു ഞാൻ നിന്നത്.

ഞാൻ വല്ലാതെ തളർന്നു പോകുന്നു, പെട്ടന്നാണു വെളിയിൽ തളർന്നിരിക്കുന്ന പാവം എൻറെ അമ്മയുടെ ദീനതയാർന്ന മുഖം എൻറെ മനസിലേയ്ക്ക് ഓടി വന്നത്.

 "ഇല്ല   തളരാൻ പാടില്ല, ഞാൻ വീണാൽ എൻറെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും"  പതിയെ കണ്ണുകള രണ്ടും തുടച്ചു ഞാൻ ഐ സി യു വിനു വെളിയിലിറങ്ങി, അമ്മ ആകെ വിഹ്വലതയായി എന്റെ വരവും പ്രതീക്ഷിച്ചു ഐ സി യു വിന്റെ വാതിലിൽ തന്നെയുണ്ടായിരുന്നു.

"എന്താ മോനെ " ഒരു കരച്ചിലോടെയാണ് അമ്മ ചോദിച്ചത് , അമ്മയെ ഞാൻ എന്നോടു ചേർത്തു നിറുത്തി,"അച്ഛനു പെട്ടന്നു ബി പി ഡൌൺ ആയി ഹാർട്ട് റേറ്റും കുറഞ്ഞു" എന്റെ ശബ്ദം വല്ലാതെ വിറപൂണ്ടിരുന്നു!! "കുഴപ്പമൊന്നുമില്ല" അത് അമ്മ വിശ്വസിച്ചില്ല.

അമ്മയെ ഞാൻ അടുത്തുള്ള ഒരു കസേരയിൽ ഇരുത്തി, ഒപ്പം ഞാനുമിരുന്നു, വാടിയ ഇല കണക്കെ അമ്മ എന്റെ തോളിൽ തളർന്നു കിടന്നു, അമ്മയുടെ നിശബ്ദ മായ കരച്ചിലിൽ സമാധാനിപ്പിക്കാനുള്ള എന്റെ ശ്രമം വ്രഥാവിലായി, പതിയെ അമ്മയെ ഞാൻ ഓരോന്നു പറഞ്ഞു സമാധാനിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

"അമ്മ  വിഷമിക്കരുത്, എന്ത് വന്നാലും നമ്മൾ സഹിക്കേണ്ടേ? നമുക്കു വർഷങ്ങൾക്കു മുൻപ് അച്ഛൻ തീരെ വയ്യാതിരുന്ന അവസ്ഥയിൽ നിന്നും ഇവിടെ വരെ ഈശ്വരൻ എത്തിച്ചില്ലേ ? അതും ആരും വിശ്വസിക്കാത്ത രീതിയിൽ അച്ഛനെ ഗുരുവായൂരപ്പൻ കാത്തില്ലേ"
"എല്ലാം ഭഗവാൻ നോക്കിക്കൊള്ളും, ആദ്യമായി അച്ഛനു വയ്യാതെ വന്നപ്പോൾ, എല്ലാവരും കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ ദൈവത്തോട് പറഞ്ഞതു, ഈശ്വരാ ഞങ്ങൾക്കു മറ്റാരുമില്ല ഞങ്ങളുടെ അച്ഛനെ  തിരിച്ചു തരണേ ഞങ്ങൾക്കു  അച്ഛൻ കൂടെയുണ്ടായാൽ മാത്രം മതി എന്നാണ്അഞ്ചു വർഷം കൂടെയങ്കിലും തരണേ എന്നും കേണപേക്ഷിച്ചു , ഭഗവാൻ നമുക്ക് അച്ഛനെ ആരോഗ്യവാനായിതിരിച്ചു തന്നു അഞ്ചിനു പകരം പത്തു വർഷം, അതുകൊണ്ടു വിഷമിക്കരുത് എല്ലാം ഭഗവാൻ നോക്കും എന്തു തന്നെ ആയാലും നമ്മൾ സഹിക്ക തന്നെ വേണം"

എല്ലാത്തിനും നിശബ്ദമായ തേങ്ങലിനോപ്പം തലയാട്ടാൽ മാത്രമായിരുന്നു അമ്മയുടെ മറുപടി.

പിന്നെയും ഡോക്ടർ എന്നെ വിളിപ്പിച്ചു, കാര്യങ്ങൾ നമ്മുടെ വരുതിയിലല്ലന്നും, ഇനി ഒന്നും ചെയ്യാനില്ലന്നും 
പറഞ്ഞു 

ഞാൻ അമ്മയുടെ അരികിലെത്തി, പതിയെ പതിയെ ഓരോന്നും പറഞ്ഞു അമ്മയെ ഞങ്ങളെ കാത്തിരിക്കുന്ന ഏറ്റവും വലിയ ശൂന്യതയുടെ യാഥാർത്യത്തിലേയ്ക്ക് എത്തിക്കുവാൻ ശ്രമിച്ചു. "അമ്മ കരയരുത്‌ അത് അച്ഛന് ഇഷ്ടമല്ല മാത്രമല്ല വിഷമവുമാണ് , എനിക്കു ഒരു പ്രാർത്ഥന മാത്രമേയുള്ളൂ എൻറെ അച്ഛനെ ഒരുപാട് കഷ്ട പ്പെടുതരുതെ എന്ന് മാത്രം"
 
അമ്മയെ എന്റെ വാക്കുകൾ പതിയെ യഥാർത്യത്തിലേയ്ക്ക് കൊണ്ടുവന്നു " എനിക്ക് എന്റെ അണ്ണനെ ഒന്ന് കാണണം" അമ്മ പറഞ്ഞു
"നമുക്കു കാണാം പക്ഷെ കരയരുത്‌ അവിടെ വേറെ രോഗികളുണ്ട് അവർക്കു അതു ഭയമുണ്ടാക്കും, അത് മാത്രമല്ല അച്ഛനു വിഷമമാണ് അമ്മ കരയുന്നത് അതുകൊണ്ടു കരയരുത് " 
 
"ഇല്ല ഞാൻ കരയില്ല " കണ്ണ് തുടച്ചുകൊണ്ട് അമ്മ പറഞ്ഞു അപ്പോഴും അമ്മയുടെ കണ്ണിൽനിന്നും കണ്ണുനീർ ധാര ധാരയായി  ഒഴുകുന്നുണ്ടായിരുന്നു"

അമ്മയെ എന്നോടു ചേർത്തു പിടിച്ചു പതിയെ ഞങ്ങൾ ഐ സി യു വിനുള്ളിലെയ്ക്ക് കയറി,അച്ഛനപ്പോൾ ആശുപത്രി കിടക്കയിൽ ശാന്തനായി കിടക്കുന്നു, അച്ഛനെ കണ്ടപ്പോൾ അമ്മയുടെ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി, അച്ഛന്റെ നെറ്റിയിലും നെഞ്ചിലും തലോടി അമ്മ വിളിച്ചു 
"അണ്ണാ ഞാനാണു  വിളിക്കുന്നതു കണ്ണുതുറക്കണ്ണാ" നെഞ്ചു പൊട്ടിയുള്ള അമ്മയുടെ വിളിയ്ക്കുo അച്ഛനെ ഉണർത്താൻ കഴിഞ്ഞില്ല . അപ്പോഴൊക്കെ ഞാൻ അച്ഛന്റെ പാദങ്ങളിൽ മൃദുവായി തലോടുകയായിരുന്നു ,ഒരു പുരുഷാർത്ഥം മുഴുവൻ,സ്നേഹത്തോടെയും, വേഗതയോടെയും, അക്ഷമതയോടെയും, ഞങ്ങൾക്കു വേണ്ടി വിശ്രമമില്ലാതെ ഓടിനടന്ന  പാദങ്ങൾക്കിപ്പോൾ  നല്ല തണുപ്പായിരിക്കുന്നു.

എനിക്കുറപ്പാണ് അമ്മയുടെ കണ്ണുനീർ വിളിക്കും, ഒരായുസ്കാലത്തിന്റെ മുഴുവൻ സ്നേഹവും  നൽകി അമ്മ നല്കിയ ചുംബനം  പോലും അച്ഛനെ ഉണർത്താൻ കഴിഞ്ഞില്ലയെങ്കിൽ പിന്നെ ഒരു മരുന്നിനും മന്ത്രത്തിനും അത് സാധിക്കുകയില്ല. അമ്മയെ നെഞ്ചോടുടടുക്കി ഞാൻ പതിയെ ഐ സി യു വിനു വെളിയിലെയ്ക്കിറങ്ങി. അമ്മയെ എന്നോട് ചേർത്ത് ഞാൻ അവിടെ കുറച്ചു നേരം ഇരുന്നു, "അച്ഛനിനിയില്ല " ആ ഒരു സത്യത്തിനോട്‌ താദാത്മ്യം പ്രാപിക്കാൻ ഇ നിയുമെനിക്കു കഴിയുന്നില്ല.അപ്പോയ്ഴെക്കും ഭാര്യയും കുട്ടികളും എത്തിചേർന്നു , മക്കളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ എന്റെ ഹൃദയം പോട്ടിപ്പോകുന്നുണ്ടായിരുന്നു,എന്റെ കുഞ്ഞുമകൾക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല ,എന്തോ അരുതാത്തതു സംഭവിച്ചു എന്നു അവൾക്കു തോന്നിയെട്ടുണ്ടാവണം. .പതിയെ പതിയെ ആശുപത്രി ആൾക്കാരെ കൊണ്ടു നിറഞ്ഞു.

അപ്പോഴെല്ലാം എന്റെ മനസ്സിലൂടെ  ഓർമ്മ  വച്ചനാൾമുതലുള്ള അച്ഛന്റെ ഓരോ രൂപഭാവങ്ങളും ഒരു വെള്ളിതിരയിലെന്നപോലെ മിന്നി മറഞ്ഞുകൊണ്ടേയിരുന്നു. പാതി തുറന്ന വാതിൽ പാളിയിലൂടെ അച്ഛനെ കാത്തു നിന്ന ഒരു നിർമലബാല്യം, ദൂരെ അച്ചനെ കാണുമ്പോൾ കൈകൾ നീട്ടി ഓടി ചെല്ലുമ്പോൾ സ്നേഹത്തോടെ എടുത്തു കെട്ടിപുണരുന്ന അച്ഛൻ   , കുറുമ്പ് കാട്ടിയതിനു തല്ലുകൊണ്ട് തേങ്ങിയുറങ്ങുമ്പോൾ, ഉറക്കംവരാതെ എഴുനേറ്റുവന്നു തല്ലുകൊണ്ട പാടിനു മുകളിൽ അരുമയായി തലോടുന്ന അച്ഛൻ, എന്റെ ചെറിയ വിജയങ്ങളിൽ അഭിമാനത്തോടെ തലയുയത്തിനിൽക്കുന്ന അച്ഛൻ,കൌമാരത്തിന്റെ ചോരത്തിളപ്പിൽ ആ അച്ഛനോട് എതിർപ്പുകാട്ടുമ്പോൾ നിസ്സഹായനായി നിൽക്കുന്ന അച്ഛൻ, ജോലിയന്വേഷിച്ചു ദൂരേയ്ക്ക് പോയപ്പോൾ ഉള്ളു പൊള്ളുന്ന ആശങ്കയോടെ ഒരു ടെലിഫോൺ വിളിക്കായി കാത്തിരുന്ന അച്ഛൻ, ആദ്യമായി ഗൾഫിലേയ്ക്കു പോകുവാൻ യാത്ര ചോദിച്ചപ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ മറയ്ക്കാൻ പാടുപെട്ട അച്ഛൻ,ആദ്യ ശമ്പളം അയച്ചു കൊടുത്തപ്പോൾ ഈ ലോകം മുഴുവൻ നേടിയതുപോലെ സന്തോഷിച്ച അച്ഛൻ,ആദ്യമായി അവധിക്കു വന്നപ്പോൾ ഒളിപ്പിച്ചുവച്ച സ്നേഹം മുഴുവൻ ഒരു ആലിഗനത്തിലൂടെ പകർന്നു നല്കിയ അച്ഛൻ, വലതു കൈ പിടിച്ചു എന്നോടൊപ്പം  എന്റെ ജീവിതത്തിലേയ്ക്ക് കയറിവന്ന പെൺകുട്ടിയുടെ ഒരു ചെറിയ സങ്കടം പോലും കണ്ണുനനയിക്കുന്ന അച്ഛൻ, കൊച്ചു മക്കളുടെ സ്നേഹ നിധിയായ അച്ചാച്ചൻ, അങ്ങനെയങ്ങനെ ഒരു ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഓർമയുടെ വസന്തം തീർത്ത എന്റെഅച്ഛൻ.ഇപ്പോൾ ശാന്തനായി, സൌമ്യനായി, കണ്ണുകളടച്ചു കിടക്കുന്നു, അപ്പോഴും ഒരു കള്ളച്ചിരി ആ ചുണ്ടുകളിൽ എവിടെയോ ഒളിച്ചിരിക്കുന്നു.ഏതു സന്നിഗ്ദ്ധ ഘട്ടങ്ങളെയും നേരിടുമ്പോഴുള്ള സൌമ്യ ഭാവത്തോടെ.

മരണം അതിന്റെ തണുത്ത കൈ പിടിച്ചു കൂടികൊണ്ട് പൊയതൊരു സൂര്യനെയായിരുന്നു, പൊടുന്നനവെ ഞങ്ങൾ ഇരുളിൻറെ അഗാധമായ ഗർത്തത്തിലേക്ക് വീണത് പോലെ. ആരോടും അനുവാദം ചോദിക്കാതെ  കാലചക്രത്തിൻറെ യവനികക്കപ്പുറത്തേയ്ക്കു നടന്നുമറഞ്ഞതു  ഒരു കുടുംബത്തിന്റെ മുഴുവൻ വഴിവിളക്കായിരുന്നു, സുരക്ഷാകവചമായിരുന്നു, സ്നേഹത്തിന്റെ തണലായിരുന്നു. സ്നേഹിക്കാനും സഹായിക്കാനും,കഷ്ടപ്പെടാനും മാത്രമറിയുന്ന ഒരു സാധു സ്ത്രീ യുടെ ശക്തിയും ജീവിതവുമായിരുന്നു, എൻറെയും സഹോദരന്മാരുടെയും കാഴ്ചയും, പ്രകാശമായിരുന്നു, ഞങ്ങളുടെ ദൈവമായിരുന്നു.
എല്ലാവരും  എന്നോടു എന്തൊക്കെയോ ചോദിക്കുകയും ഞാൻ അതിനെല്ലാം യാന്ത്രികമായി മറുപടിയും നൽകുന്നുണ്ടായിരുന്നു, അപ്പോഴും എനിക്കൊന്നുമറിയില്ല ഇനിയെന്ത്എന്ന്.
അപ്പോഴേയ്ക്കും പുറത്തു മഴ പൂർണമായും നിലച്ചിരുന്നു.. എങ്ങും ഒരു മൂകമായ അവസ്ഥ ഒരു ചെറു കാറ്റുപോലും വീശുന്നില്ല, എല്ലാം ശാന്തമായി...... അശാന്തമായതു, ഏകാന്ത മായ ജീവിതത്തിന്റ തുരുത്തുകളിലേയ്ക്ക് വലിച്ചെറിയപ്പെട്ട കുറച്ചു മനസ്സുകൾ മാത്രം.

സൂരജ് 

Comments

Popular posts from this blog

മുറ്റം

ഭിക്ഷക്കാരൻ

ഒരു യാത്രയുടെ ഓർമ്മകുറിപ്പ്